സാമൂഹ്യ കേരളത്തിൽ നന്മയും കരുണയും അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളിലൂടെ മാതൃകയും പ്രചോദനവുമാകാൻ എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയ്ക്കു സാധിച്ചെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സഹൃദയയുടെ വജ്രജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആറു പതിറ്റാണ്ടുകളായി സമൂഹനന്മയ്ക്കായി ഏറ്റെടുത്ത മാതൃകാപരമായ ആത്മസമർപ്പണത്തിൻ്റെ ആഘോഷമാണു ജൂബിലി. സാധാരണ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാനും സർക്കാർ സംവിധാനങ്ങൾക്കു പരിമിതികളുണ്ട്.
അത്തരം ഇടപെടലുകൾക്ക് സഹൃദയ പോലുള്ള സന്നദ്ധ സംഘടനകൾക്കു കഴിയും. മറ്റുള്ളവരിൽനിന്ന് എന്തെങ്കിലും ലഭിക്കുമെന്ന് ചിന്തിക്കാതെ എല്ലാവർക്കും സമൃദ്ധി നൽകി നദികൾ ഒഴുകുന്നതുപോലെ നമ്മുടെ ജീവിതവും മറ്റുള്ളവർക്കു നന്മയും പ്രചോദനവുമാകണം. മറ്റുള്ളവർക്കായി നന്മ ചെയ്യുമ്പോൾ ലഭിക്കുന്ന ആനന്ദമാണ് മറ്റെല്ലാ സന്തോഷങ്ങളേക്കാളും പ്രധാനമെന്നും ഗവർണർ പറഞ്ഞു.
വജ്രജൂബിലി സ്മാരകമായി സഹൃദയ നടപ്പാക്കുന്ന ഭവനപദ്ധതിയുടെ ഉദ്ഘാടനവും ജൂബിലി സ്‌മരണികയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു.
ബിഷപ്പ് മാർ തോമസ് ചക്യത്ത്, അതിരൂപത വികാരി ജനറാൾ റവ. ഡോ. ആൻ്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്‌ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, അസോസിയേറ്റ് ഡയറക്‌ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, അസി. ഡയറക്‌ടർ ഫാ. സിബിൻ മനയംപിള്ളി, സിസ്റ്റർ ആലീസ് ലൂക്കോസ്, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.





0 Comments