എബിവിപി 71-ാം ദേശീയ സമ്മേളനം പരേഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഭഗവാന്‍ ബിര്‍സമുണ്ട നഗറില്‍ ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ എസ്. സോമനാഥ് ഇന്ന് ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ വിദ്യാഭ്യാസം, സമൂഹം, പരിസ്ഥിതി, സേവനം, കായികം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളും സംഘടനയുടെ വരുംകാലപ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവും.
സമ്മേളനവേദിയില്‍ റാണി അബ്ബക്ക പ്രദര്‍ശനം ഇന്നലെ ഉത്തരാഖണ്ഡ് വിദ്യാഭ്യാസ- ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ധന്‍സിങ് റാവത്തും പതഞ്ജലി യോഗ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ആചാര്യ ബാലകൃഷ്ണയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ദേവഭൂമിയില്‍ നിന്ന് രാഷ്‌ട്രഭൂമിയിലേക്ക്- വിഷന്‍ 2047ന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിന്റെ 25 വര്‍ഷത്തെ യാത്രയും ദേശീയ നവോത്ഥാനവും എന്നതാണ് പ്രദര്‍ശനത്തിന്റെ പ്രമേയം.
റാണി അബ്ബക്കയുടെ 500-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, കര്‍ണാടകയില്‍ നിന്ന് ആരംഭിച്ച റാണി അബ്ബക്ക കലശയാത്രയും ഭഗവാന്‍ ബിര്‍സമുണ്ടയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജന്മസ്ഥലമായ ഝാര്‍ഖണ്ഡിലെ ഉലിഹട്ടുവില്‍ നിന്നും പുറപ്പെട്ട ഭഗവാന്‍ ബിര്‍സ സന്ദേശയാത്രയും ഇന്നലെ സമ്മേളന നഗരിയിലെത്തി. ഇരുയാത്രകള്‍ക്കും ഉജ്ജ്വല സ്വീകരണം നല്‍കി.
സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയോഗം സാമൂഹിക പരിവര്‍ത്തനത്തിന്റെ പതാകവാഹകരായി യുവാക്കള്‍ എന്ന പ്രമേയം അംഗീകരിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ്ശരണ്‍ ഷാഹി, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സംസാരിച്ചു. ആര്‍എസ്‌എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ സന്നിഹിതനായി.
സമകാലിക സംഭവ വികാസങ്ങളും സംഘടനാപരവും പ്രവര്‍ത്തനപരവുമായ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. 468 പ്രതിനിധികള്‍ പങ്കെടുത്തു. 30ന് സമാപന സമ്മേളനത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി മുഖ്യാതിഥിയാകും. പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം സ്മൈല്‍ റൊട്ടി ബാങ്ക് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീകൃഷ്ണ പാണ്ഡെക്ക് ചടങ്ങില്‍ സമ്മാനിക്കും. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ അടക്കം 1500 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.





0 Comments