ശബരിമല സന്നിധാനത്ത് ഭക്തജനങ്ങളുടെ തിരക്ക് തുടരുന്നു. തിങ്കളാഴ്ച രാത്രി എട്ടുവരെ മാത്രം എത്തിയത് തൊണ്ണൂറ്റിരണ്ടായിരത്തോളം ഭക്തര്‍.
ശരംകുത്തിവരെ ഭക്തരുടെ നീണ്ട നിരയാണ്. തിങ്കളാഴ്ചത്തെ തിരക്ക് കണക്കിലെടുത്ത് ചൊവ്വാഴ്ച സ്‌പോട്ട് ബുക്കിങ് 5,000 ആക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഡിജിപി റവാഡ ചന്ദ്രശേഖര്‍ സന്നിധാനത്തെത്തി.
വര്‍ധിച്ച തോതില്‍ ഭക്തജനങ്ങളുടെ വരവുണ്ടെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പമ്പയിലും സന്നിധാനത്തും കൃത്യമായി തിരക്ക് നിയന്ത്രിക്കുന്നുണ്ട്. പതിനെട്ടാംപടിയില്‍ ആളുകളെ കയറ്റുന്നതില്‍ വേഗം കൂട്ടിയും തിരക്ക് നിയന്ത്രിച്ചു.
വലിയ നടപ്പന്തലിലെ അല്പനേരത്തെ കാത്തുനില്‍പ്പ് ഒഴിച്ചാല്‍ മറ്റു വലിയ പ്രശ്‌നങ്ങളില്ല. മണ്ഡല തീര്‍ഥാടന കാലത്തെ ഏറ്റവും വലിയ ഭക്തജനത്തിരക്ക് ഇന്നാണ് അനുഭവപ്പെട്ടതെന്നാണ് നിഗമനം.
അയ്യപ്പ സന്നിധിയില്‍ തൊഴുന്നതിന്റെ ഭാഗമായാണ് ഡിജിപി സന്നിധാനത്തെത്തിയത്.
സന്നിധാനത്ത് വിന്യസിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ച് ചൊവ്വാഴ്ച പടിയിറങ്ങും. തുടര്‍ന്ന് പുതിയ ബാച്ച് ചുമതലയേല്‍ക്കും. അതിന്റെ ഭാഗമായുള്ള പരിപാടികളിൽക്കൂടി ഡിജിപി പങ്കെടുക്കുമെന്നും വിവരമുണ്ട്.





0 Comments