19 മക്കളെ പെറ്റൊരമ്മ! ആ 19 മക്കളില്‍ ഒരാള്‍ കൂടി ഇന്നലെ യാത്രയായി. മുട്ടം കാക്കൊമ്പ് കിഴക്കേല്‍ മത്തായി-മറിയം ദമ്പതികളുടെ 19 മക്കളിലെ പത്താമത്തെ മകളാണ് ഇന്നലെ അന്തരിച്ച കടനാട് വള്ളോംപുരയിടം റോസമ്മ (84).
സുനിൽ പാലാ
ഒരു കുടിയില്‍ 19 മക്കള്‍ എന്നു കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ആ ജന്‍മ സുകൃതത്തിന്റെ നിറവിലായിരുന്നു റോസമ്മയുടെ ജീവിതം. ഇന്നലെ 84-ാം വയസിലാണ് യാത്രയായത്. ഇനി 19 മക്കളില്‍ അവശേഷിക്കുന്നത് അഞ്ചുപേര്‍ മാത്രം.
കടനാട് വള്ളോംപുരയിടത്തില്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്ന ജോസഫ് വള്ളോപുരയിടമാണ് റോസമ്മയെ വിവാഹം കഴിച്ചത്. 16 വര്‍ഷം മുമ്പ് പ്രിയതമന്‍ ജോസഫ് എന്ന അപ്പച്ചന്‍ റോസമ്മയെയും മക്കളെയും വിട്ടു പിരിഞ്ഞു. ചെറുപ്പം മുതലേ കൃഷിയും കൃഷിയിടങ്ങളും റോസമ്മയ്ക്ക് അന്യമായിരുന്നില്ല.
പഠിക്കുന്ന കാലഘട്ടങ്ങളിലും പിന്നീട് വിവാഹം കഴിച്ചയച്ച നീലൂരിലെ വീട്ടിലും പറമ്പിലും പൊന്നുവിളയിക്കാന്‍ ഈ വളയിട്ട കൈകള്‍ കരുത്തുകാട്ടി. പ്രാരാബ്ദങ്ങളോട് പടവെട്ടിയുള്ള ജീവിതം ആസ്വാദ്യകരമാക്കി. രണ്ട് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണ് റോസമ്മയ്ക്കുള്ളത്.
റോസമ്മയുടെ നിര്യാണത്തില്‍ എം.പി.മാരായ ഫ്രാന്‍സീസ് ജോര്‍ജ്ജ്, ജോസ് കെ. മാണി, മാണി സി. കാപ്പന്‍ എം.എല്‍.എ., കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി തുടങ്ങിയവര്‍ അനുശോചിച്ചു. റോസമ്മയുടെ സംസ്ക്കാരം ഇന്ന് 2.30 ന് കടനാട് സെൻ്റ് അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും .




0 Comments