ഏകാദശി പുണ്യം നേടാന്‍ വ്രത ശുദ്ധിയോടെ പതിനായിരങ്ങള്‍ ഗുരുവായൂരപ്പ സന്നിധിയിലേക്ക് ഒഴുകിയെത്തി. ഉപവസിച്ചും നാരായണ നാമം ചൊല്ലിയും ഗുരുവായൂരപ്പനെ ഭജിച്ച് പതിനായിരങ്ങള്‍ ദര്‍ശന പുണ്യം നേടി. പീലിത്തിരുമുടി ചാര്‍ത്തി പൊന്നോടക്കുഴലുമായി തൂമന്ദഹാസത്തോടെ ആശ്രിതവത്സലനായ ഭഗവാന് ഗുരുവായൂരപ്പന് ഭക്തര്‍ക്ക് ദർശനപുണ്യമായി.
ഇന്ന് ഗുരുവായൂര്‍ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ് നടക്കുന്നത്. ക്ഷേത്രത്തില്‍ രാവിലെ നടന്ന ശീവേലിക്ക് കൊമ്പന് ഇന്ദ്രസെൻ തിടമ്പേറ്റി. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്കുനടന്ന എഴുന്നള്ളിപ്പിന് കൊമ്പന് ശ്രീധരൻ കോലമേറ്റി.പല്ലശന മുരളിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. തിരിച്ചെഴുന്നള്ളിപ്പിന് നാദസ്വരമുണ്ടായി.
രാത്രി വിളക്കെഴുന്നെള്ളിപ്പിന് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലമേറ്റും.ദര്‍ശനത്തിനും പ്രസാദ ഊട്ടിനും വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.രാവിലെ അഞ്ചു മുതല്‍ വൈകിട്ട് അഞ്ചുവരെ വിഐപി ദര്‍ശനം അനുവദിച്ചില്ല. ഇത് സാധാരണ ഭക്തര്‍ക്ക് ഏറെ ഉപകാരമായി.
ഏകാദശി വ്രതം എടുക്കുന്നവര്‍ക്കായി അന്നലക്ഷ്മി ഹാളിലും തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ 9 മുതൽ നൽകിയിരുന്നു. ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയത്. പ്രസാദഊട്ടിനും വന്‍ ഭക്തജനത്തിരക്കാണുണ്ടായത്. 50,000ത്തോളം പേര് പ്രസാദഊട്ടില്‍ പങ്കെടുത്തു. ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് രാത്രി 10ന് സമാപനമാകും.





0 Comments