മദ്യത്തിന് പേരിടൽ മത്സരം: മത്സരവും പുതിയ മദ്യബ്രാൻ്റും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി
കേരളാ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാൻ്റിന് പേര് നിർദ്ദേശിക്കാനും ലോഗോ തയ്യാറാക്കാനും സംഘടിപ്പിക്കുന്ന മത്സരം ഭരണഘടനാവിരുദ്ധവും അബ്കാരി ആക്ടിൻ്റെ ലംഘനവും ആയതിനാൽ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ബിവറേജസ് കോർപ്പറേഷൻ്റെ മത്സരം ഉടനടി റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
ഭരണഘടന അനുച്ഛേദം 47 പ്രകാരം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുമായി
ആരോഗ്യത്തിന് ഹാനികരമായ മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം ഭരണകൂടത്തിന് നിരോധിക്കാമെന്നുള്ളതിനാൽ പുതിയ ബ്രാൻ്റ് മദ്യം പുറത്തിക്കുന്നത് ഉപേക്ഷിക്കാൻ സർക്കാർ നടപടിയെടുക്കണം.
മദ്യത്തിന്റെ വിൽപന, ഉപയോഗം, പരസ്യം എന്നിവ നിയന്ത്രിക്കുന്നതിനു വേണ്ടി നിർമ്മിച്ച കേരളാ അബ്കാരി ആക്ടിലെ 1077 വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണം. ബിവറേജസ് കോർപ്പറേഷൻ്റെ നടപടി മദ്യപാനത്തെ പ്രോത്സാഹിക്കുകയാണ് ചെയ്തിതിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലുള്ള എല്ലാത്തരം പരസ്യങ്ങളും ഈ ആക്ടിലെ വകുപ്പ് 55 എച്ച് പ്രകാരം നിരോധിച്ചിട്ടുണ്ട്. മദ്യം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പരസ്യമാണ് ബിററേജസ് കോർപ്പറേഷൻ മത്സരമെന്ന പേരിൽ നടത്തുന്നത്. പുതുതായി വിപണയിൽ എത്തിക്കുന്ന മദ്യത്തിനുള്ള പരോക്ഷ പരസ്യം തന്നെയാണ് ഈ മത്സരം. അബ്കാരി ആക്ട് പ്രകാരം ഇതിനെതിരെ നടപടി സ്വീകരിക്കണം.
പ്രൊഹിബിഷൻ ആക്ടിലെ വകുപ്പ് 6 പ്രകാരം ഏതെങ്കിലും വ്യക്തി മദ്യം ഉപയോഗിക്കാൻ മറ്റൊരാളെ പ്രേരിപ്പിക്കുകയോ പൊതുജനങ്ങളെ ഇതിനായി പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതുപ്രകാരം ബിവറേജസ് കോർപ്പറേഷൻ ചെയർപേഴ്സനെതിരെ നടപടി സ്വീകരിക്കണമെന്നും എബി ജെ ജോസ് പരാതിയിൽ ആവശ്യപ്പെട്ടു. മത്സരം സംബന്ധിച്ച് സ്ഥാപനത്തിൻ്റെ വെബ്സൈറ്റുകളിൽ പരാമർശം നടത്താത്തത് നിയമ വിരുദ്ധ നടപടി ആയതിനാലാണെന്നും ഫൗണ്ടേഷൻ ആരോപിച്ചു.
2007 ൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് 'വൈകിട്ടെന്താ പരിപാടി' എന്ന ടാഗ് ലൈനോടെ ചലചിത്രനടൻ മോഹൻലാൽ മദ്യപരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഒറിജിനൽ ചോയ്സ് എന്ന ബ്രാണ്ടി ബ്രാൻ്റിനുള്ള ലൈസൻസ് സർക്കാർ റദ്ദാക്കിയിരുന്നു. അന്ന് ബസുകളിൽ പ്രദർശിപ്പിച്ചിരുന്ന പരസ്യങ്ങളും കെ എസ് ആർ ടി സി യും പിൻവലിച്ചു.






0 Comments