തദ്ദേശ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർണം



തദ്ദേശ തെരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർണം

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോട്ടയം ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. ഡിസംബർ ഒന്‍പതിന്(ചൊവ്വ) രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് ജില്ലയില്‍ പോളിംഗ്. 

ആറു മണി വരെ വരിയിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചരണം ഞായാറാഴ്ച(ഡിസംബർ 7) വൈകുന്നേം ആറുമണിക്ക് അവസാനിക്കും. 

പോളിംഗ് ദിവസം ജില്ലയിൽ പൊതു അവധിയായിരിക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ- സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ എട്ട്, ഒന്‍പത് തീയതികളില്‍ അവധിയായിരിക്കും. 



🔹 1611 നിയോജക മണ്ഡലങ്ങള്‍
............
ജില്ലാ പഞ്ചായത്ത്, 11 ബ്‌ളോക്ക് പഞ്ചായത്തുകൾ, 71 ഗ്രാമപഞ്ചായത്തുകൾ, ആറു നഗരസഭകൾ എന്നിവയുൾപ്പെടെ 89 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 1611 നിയോജകമണ്ഡലങ്ങളിലേക്കാണ് ജില്ലയിൽ തെരഞ്ഞെടുപ്പ്. ആകെ 1925 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിൽ ആകെ  16,41,249 വോട്ടര്‍മാരാണുള്ളത്. സ്ത്രീകൾ-8,56,321; പുരുഷന്മാർ- 7,84,842; ട്രാൻസ്‌ജെൻഡറുകൾ- 13; പ്രവാസി വോട്ടർമാർ- 73.

ആകെ സ്ഥാനാർഥികൾ- 5281. ജില്ലാ പഞ്ചായത്ത്-83, ബ്‌ളോക്ക് പഞ്ചായത്ത്-489, ഗ്രാമപഞ്ചായത്ത്: 4032, നഗരസഭ-677.

🔹 പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച്ച
 .................
വോട്ടെണ്ണല്‍ യന്ത്രങ്ങളില്‍ സ്ഥാനാർഥികളുടെ പേരും ചിഹ്നവുമുള്ള ബാലറ്റ് പേപ്പർ പതിച്ച് കാൻഡിഡേറ്റ് സെറ്റിംഗ് പൂർത്തിയാക്കി വോട്ടിംഗ് യന്ത്രങ്ങൾ സ്വീകരണ-വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 തിങ്കളാഴ്ച രാവിലെ എട്ടു മുതൽ 11 ബ്‌ളോക്കുകളിലും ആറു നഗരസഭകളിലുമുള്ള കേന്ദ്രങ്ങളില്‍  പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. ഉദ്യോഗസ്ഥരെ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തിക്കുന്നതിന് 724 വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. (ബസ് -269, മിനി ബസ് -96, ട്രാവലർ-88, കാർ/ജീപ്പ്-271 ). സെക്ടറൽ ഓഫീസർമാർക്കായി 134 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  


🔹 9514 ബാലറ്റ് യൂണിറ്റുകള്‍ 3403 കൺട്രോൾ യൂണിറ്റുകള്‍
............
പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാർട്ട്‌മെന്‍റിൽ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. 


ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർത്ഥികളെയാണ് ക്രമീകരിക്കുന്നത്.  9514 ബാലറ്റ് യൂണിറ്റുകളും 3403 കൺട്രോൾ യൂണിറ്റുകളും സജ്ജമാണ്.

പോളിംഗ് ഡ്യൂട്ടിക്ക് 9272 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. 

തെരഞ്ഞെടുപ്പ് നടപടികളില്‍ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 

🔹 വോട്ടിംഗിന് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
.................
വോട്ടു ചെയ്യുന്നതിന് ചുവടെ പറയുന്നതില്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ മതിയാകും

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാൽകൃത ബാങ്ക് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ താൽക്കാലിക തിരിച്ചറിയൽ കാർഡ്.


🔹 മോക് പോളിംഗ് പുലര്‍ച്ചെ
.............
ചൊവ്വാഴ്ച പുലര്‍ച്ചെ ആറിന് രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിംഗ് നടക്കും. മോക് പോളിനുശേഷം വോട്ടിംഗ് യന്ത്രങ്ങൾ ക്ലിയർ ചെയ്തശേഷമായിരിക്കും  വോട്ടിംഗിലേക്ക് കടക്കുക. 


🔹 വോട്ടെണ്ണല്‍ 13ന്
..............
പോളിംഗിനുശേഷം സ്വീകരണ-വിതരണകേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമുകളിലേക്കു മാറ്റും. ഇതേ കേന്ദ്രങ്ങളില്‍തന്നെയാണ് ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കുക.  ജില്ലാ പഞ്ചായത്തു ഡിവിഷനുകളിലേയ്ക്കുള്ള തപാൽ വോട്ടുകൾ ജില്ലാ പഞ്ചായത്തു ഹാളിലായിരിക്കും എണ്ണുക.  


🔹 വിതരണ- സ്വീകരണ- വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
................
ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുകയും സ്വീകരിക്കുകയും വോട്ടെണ്ണല്‍ നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങളുടെ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള പട്ടിക ചുവടെ

വൈക്കം- സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ(ആശ്രമം സ്‌കൂൾ) വൈക്കം.

കടുത്തുരുത്തി- സെന്‍റ്. മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ കടുത്തുരുത്തി.

ഏറ്റുമാനൂർ- സെന്‍റ്. അലോഷ്യസ് ഹയർ സെക്കൻഡറി സ്‌കൂൾ, അതിരമ്പുഴ.

ഉഴവൂർ- ദേവമാതാ കോളജ്, കുറവിലങ്ങാട്.

ളാലം- കാർമ്മൽ പബ്ലിക് സ്‌കൂൾ , പാലാ.

ഈരാറ്റുപേട്ട- സെന്‍റ് ജോർജ് കോളജ് ഓഡിറ്റോറിയം, അരുവിത്തുറ.

പാമ്പാടി- ടെക്നിക്കൽ ഹൈസ്‌കൂൾ, വെള്ളൂർ.

മാടപ്പള്ളി-എസ്. ബി ഹയർസെക്കൻഡറി സ്‌കൂൾ, ചങ്ങനാശ്ശേരി.

വാഴൂർ- സെന്‍റ് ജോൺസ്, ദി ബാപ്റ്റിസ്റ്റ് പാരിഷ് ഹാൾ, നെടുംകുന്നം 

കാഞ്ഞിരപ്പള്ളി- സെന്‍റ് ഡൊമനിക്സ് ഹയർസെക്കൻഡറി സ്‌കൂൾ, കാഞ്ഞിരപ്പള്ളി.

പള്ളം- ഇൻഫസെന്‍റ് ജീസസ് ബദനി കോൺവെന്‍റ് ഹയർസെക്കൻഡറി സ്‌കൂൾ, മണർകാട്. 


നഗരസഭകൾ
...........
ചങ്ങനാശ്ശേരി- നഗരസഭാ കോൺഫറൻസ് ഹാൾ, ചങ്ങനാശ്ശേരി.

കോട്ടയം- ബേക്കർ സ്മാരക ഗേൾസ് ഹൈസ്‌കൂൾ, കോട്ടയം.

വൈക്കം- നഗരസഭാ കൗൺസിൽ ഹാൾ, വൈക്കം.

പാലാ- നഗരസഭാ കൗൺസിൽ ഹാൾ, പാലാ.

ഏറ്റുമാനൂർ- എസ്.എഫ്.എസ്. പബ്ലിക് സ്‌കൂൾ, ഏറ്റുമാനൂർ.

ഈരാറ്റുപേട്ട- അരുവിത്തുറ സെന്‍റ് ജോർജ് കോളജ് ഗോൾഡൻ 
ജൂബിലി ബ്ലോക്ക്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments