പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ആലീസ് ഉണ്ണികൃഷ്ണൻ ദീപ പ്രോജ്ജ്വലനം നിർവ്വഹിച്ചതോടെ ആനിക്കാട് ശ്രീശങ്കര നാരായണ മൂർത്തി ക്ഷേത്രം, ധനുമാസത്തിലെ തിരുവാതിര ആഘോഷങ്ങളിലേക്ക് ചുവട് വച്ചു.
ആനിക്കാട് ശങ്കര നാരായണ മാതൃസമിതിയുടെ നേതൃത്വത്തിൽ ആണ് തിരുവാതിര ആഘോഷങ്ങൾ നടക്കുന്നത്. തിരുവാതിര നോയമ്പിന്റെ പരമ്പരാഗത ചിട്ടകൾ പാലിച്ചുകൊണ്ട് ക്ഷേത്രത്തിൽ നടക്കുന്ന തിരുവാതിര ആഘോഷത്തിന് സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് ഉള്ളത്. ഓരോ ദിവസവും നടക്കുന്ന തിരുവാതിരയ്ക്ക് മുന്നോടിയായി, വിവിധ മേഖലകളിൽ പ്രശസ്തരായ വനിതകൾ തിരുവാതിര വിളക്ക് തെളിയിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തിരുവാതിര സമിതികളിലെ അംഗനമാർ ക്ഷേത്രാങ്കണത്തിൽ തിരുവാതിര ശീലുകൾക്കൊപ്പം താളത്തിൽ ചുവടുകൾ വെക്കും. ധനുമാസത്തിലെ തിരുവാതിര, ഭഗവാൻ ശ്രീ പരമേശ്വരന്റെ പിറന്നാൾ ദിനം ആയതുകൊണ്ട്, ദീർഘ സുമംഗലി ആയിരിക്കാൻ പാർവതി ദേവീ തിരുവാതിര നാളിൽ നോയമ്പ് നോറ്റിരുന്നു എന്ന ഐതിഹ്യ പെരുമയിലാണ് സ്ത്രീകൾ അവരുടെ ഭർത്താക്കൻമാരുടെ ദീർഘായുസ്സിനായി തിരുവാതിര നോയമ്പ് നോറ്റ് വരുന്നത്.
ഓണവും വിഷുവും പോലെ ധനുമാസത്തിലെ തിരുവാതിരിക്കും പണ്ടൊക്കെ വലിയ പ്രാധാന്യമുണ്ടായിരുന്നു. തിരുവാതിരകളിയും പാതിരാപ്പൂവും, ദശപുഷ്പവും, പൂത്തിരുവാതിരയും, തിരുവാതിരപ്പുഴുക്കും, തുടിച്ചുകുളിയും, കുരുവയും ഒക്കെയായി
മങ്കമാരുടെ തിരുവാതിര ആഘോഷങ്ങൾ പൊടിപൊടിച്ചിരുന്ന പഴയ തിരുവാതിര കാലത്തിലേക്കുള്ള തിരിച്ചു പോക്കിന് ജനമനസ്സുകളെ ഗൃഹാതുരത്വത്താൽ ഉണർത്തുന്നതിനായിട്ടാണ്, ശങ്കരനാരായണ മാതൃസമിതി തിരുവാതിര ആഘോഷങ്ങൾ പരമ്പരാഗ രീതിയിൽ തന്നെ ആചരിക്കുന്നത്.




0 Comments