നക്ഷത്രങ്ങൾ ശോഭിച്ച വേദിയിൽ പുതുവർഷവും ഇക്കുറി നേരത്തെ പിറന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച സ്നേഹസ്പർശം പരിപാടി ക്രിസ്മസ് – പുതുവത്സര ആഘോഷത്തിന്റെ വേറിട്ട നിമിഷമായി.
കോട്ടയം പഴയ സെമിനാരിയിൽ നടന്ന ചടങ്ങളിൽ മലങ്കരസഭയുടെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 150 ഓളം കുട്ടികൾ പങ്കെടുത്തു.
ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കി വേദി കുട്ടികൾക്കായി മാറ്റിവെച്ചു. പാടിയും, ആടിയും, അഭിനയിച്ചും അവർ സദസിന് ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നു.
ഭിന്നശേഷിക്കാരായ മക്കൾ സഭയുടെ നക്ഷത്രങ്ങളാണെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്താ യുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ഈ കുട്ടികളെപ്പോൽ നിർമ്മലരാകാൻ ഏവർക്കും കഴിയണമെന്നും ബാവാ കൂട്ടിച്ചേർത്തു.
മലങ്കരസഭയുടെ പ്രഥമ മാർത്തോമ്മൻ പുരസ്ക്കാരം ഗോപിനാഥ് മുതുകാടിന് പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി നടത്തുന്ന ക്രിയാത്മക ഇടപെടലുകൾ പരിഗണിച്ചാണ് പുരസ്ക്കാരം. 25,000 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തുപിടിക്കുന്നത് മലങ്കരസഭ ചെയ്യുന്ന പുണ്യമാണെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. അത്തരം കുട്ടികളെ സംരക്ഷിച്ച് വലിയ ഉത്തരവാദിത്വം നിറവേറ്റുന്ന സഭ നൽകുന്ന പുരസ്ക്കാരത്തെ അനുഗ്രഹമായി കാണുന്നുവെന്നും മുതുകാട് പ്രതികരിച്ചു.
എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, ഗീവർഗീസ് മാർ കൂറിലോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ഡോ.കെ.എൽ മാത്യുവൈദ്യൻ കോർ എപ്പിസ്ക്കോപ്പാ എന്നിവർ പ്രസംഗിച്ചു.
കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, പഴയ സെമിനാരി മാനേജർ ജോബിൻ വർഗീസ്, ദേവലോകം അരമന മാനേജർ ഫാ.യാക്കോബ് റമ്പാൻ, ഫാ.ജേക്കബ് കുര്യൻ, റവ. എ.ജെ ശാമുവേൽ റമ്പാൻ, കോട്ടയം നഗരസഭാ കൗൺസിലർ ടോം കോര, ഭദ്രാസന സെക്രട്ടറിമാരായ ഫാ.കെ.എം.സഖറിയാ, ഫാ.തോമസ് ജോർജ്, വൈദികർ, കന്യാസ്ത്രീകൾ എന്നിവർ സംബന്ധിച്ചു.





0 Comments