തൊടുപുഴ നഗരസഭാ ചെയര്‍പേഴ്സണായി മുസ്ലീം ലീഗ് കൗണ്‍സിലര്‍ സാബിറ ജലീലിനെ തെരഞ്ഞെടുത്തു.

 

അധികാരത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിക്കും തര്‍ക്കത്തിനും പരിഹാരമില്ലാതായതോടെ തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനം ആദ്യടേമില്‍ മുസ്ലീം ലീഗിന്. ലീഗ് കൗണ്‍സിലര്‍ സാബിറ ജലീലിനെ വെള്ളിയാഴ്ച ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തു. സബ് കലക്ടര്‍ അനൂപ് ഗാര്‍ഗായിരുന്നു വരണാധികാരി. ആദ്യ രണ്ടുവര്‍ഷമാണ് ലീഗിനുള്ളത്. നഗരസഭ 18ാം വാര്‍ഡ് കുമ്മംകല്ലില്‍നിന്ന് അഞ്ച് വോട്ടിനാണ് സാബിറ ജലീല്‍ വിജയിച്ചത്. ഒരുവര്‍ഷം കേരള കോണ്‍ഗ്രസും അവസാന രണ്ടുവര്‍ഷം കോണ്‍ഗ്രസുമാകും നഗരസഭ ഭരിക്കുക. 


പക്ഷേ കോണ്‍ഗ്രസില്‍ ഇത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. മൂന്നുവര്‍ഷം കഴിഞ്ഞ് ആര് എന്നതിന് പാര്‍ടിക്കുള്ളില്‍ തുല്യാഭിപ്രായമില്ല. കോണ്‍ഗ്രസിലെ പടലപ്പിണക്കമാണ് ലീഗിന് ഭരണം നല്‍കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി നിഷാ സോമന്റെ പേരാണ് ആദ്യം ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇത് മറ്റ് കൗണ്‍സിലര്‍മാരിലും പാര്‍ടിക്കുള്ളിലും ഭിന്നാഭിപ്രായമുണ്ടാക്കി. നഗരസഭ മുന്‍ അധ്യക്ഷന്‍ ടി.ജെ ജോസഫിന്റെ മകളും 28-ാം വാര്‍ഡ് കൗണ്‍സിലറുമായ ലിറ്റി ജോസഫിനെ അധ്യക്ഷയാക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ഭൂരിഭാഗം കൗണ്‍സിലര്‍മാരും അഭിപ്രായപ്പെട്ടു. ലിറ്റിയെ പിന്തുണച്ച് കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട കത്ത് കെപിസിസിക്കും ഡിസിസിക്കും നല്‍കി. 

അതിനിടെ വെള്ളി രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗ മിനിട്സില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ലിറ്റി ജോസഫ് തന്നെ ചെയര്‍പേഴ്സണാകണം എന്ന് രേഖപ്പെടുത്തി. നിഷ സോമന്‍ അടക്കമുള്ള കൗണ്‍സിലര്‍മാര്‍ ഇതില്‍ ഒപ്പും വച്ചിട്ടുണ്ട്. എന്നാല്‍ താന്‍ വൈകിയാണ് വന്നതെന്നും വായിച്ച് നോക്കാതെയാണ് ഒപ്പിട്ടതെന്നും നിഷ പറയുന്നു. സംഭവം വിവാദമായതോടെ ഡിസിസി പ്രസിഡന്റ് സി പി മാത്യു ഇടപെട്ട് മിനിട്സ് റദ്ദാക്കി.


 ആരും സൂപ്പര്‍ ഡിസിസി ആകാന്‍ നോക്കേണ്ടന്നായിരുന്നു പ്രതികരണം. ലീഗിന് ആദ്യ ടേം എന്നുള്ളത് യുഡിഎഫ് ഉന്നത നേതാക്കള്‍ കഴിഞ്ഞതവണ ചെയര്‍പേഴ്സണായി കോണ്‍ഗ്രസിന്റെ കെ ദീപക് അധികാരമേറ്റപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നെന്നും ഇത് താഴേക്കിടയിലുള്ളവര്‍ക്ക് അറിയില്ലായിരുന്നെന്നുമാണ് ലീഗിന്റെ വാദം. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments