കാണികൾക്ക് ആവേശകരമായ വിരുന്നൊരുക്കി തിരുവനന്തപുരത്ത് നാവിക സേനയുടെ ശക്തി പ്രകടനം. നാവിക സേന ദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന അഭ്യാസ പ്രകടനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി. നാവിക സേന സൂപ്പർ പവറായി മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു.
കടൽക്കൊള്ളക്കാർക്ക് നേരെ കടുത്ത നടപടികൾ സേന സ്വീകരിച്ചെന്നും ഐ എൻ എസ് വിക്രാന്ത് അടക്കം രാജ്യത്തിൻ്റെ അഭിമാനമാണെന്നും ദ്രൗപതി മുർമു കൂട്ടിച്ചേര്‍ത്തു.
കേരളത്തിൻ്റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളായി. ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന് പറന്നുയർന്ന മിഗ് 29 K വിമാനം ആവേശം വാനോളം ഉയർത്തി.
ശംഖുംമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത് എം എച്ച് 60, ഡോണിയർ വിമാനങ്ങളാണ്. പിന്നാലെ ഐ എൻഎസ് കൊൽക്കത്ത, ഐ എൻ എസ് കമാൽ , ഐ എൻ എസ് ഉദയഗിരി എന്നീ പടക്കപ്പലുകൾ രണ്ടു വശങ്ങളിൽ നിന്നെത്തി. പിന്നാലെ മൂന്ന് ചേതക്ക് വിമാനങ്ങളുടെയും അഞ്ച് ബോംബർ വിമാനങ്ങളുടെയും ഫോർമേഷൻ അഭ്യാസ പ്രകടനങ്ങളുമായെത്തി.
കടലിൽ ബന്ധിയാക്കപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന കമാൻഡോ ഓപ്പറേഷൻ ഡെമോ നടന്നു. ഐഎൻഎസ് വിപുലിന്റേയും ഐഎൻ എസ് വിദ്യുതിന്റേയും വരവ്, പടക്കപ്പലുകളിൽ നിന്ന് മിസൈൽ വർഷം. പിന്നാലെ മറൈൻ കമാൻഡോകളുടെ പാരച്യൂട്ടിൽ നിന്നുള്ള പറന്നിറങ്ങൽ എന്നിവയ്ക്ക് ശംഖുമുഖം സാക്ഷ്യം വഹിച്ചു.
പടക്കപ്പലുകളായ ഐ എൻ എസ് ഇംഫാലിലും ഐ എൻ എസ് കൊൽക്കത്തയിലും ഹെലികോപ്ടറുകൾ പറന്നിറങ്ങിയതും അപൂർവ്വ കാഴ്ചയായി. അഭിമാന നിമിഷമെന്നായിരുന്നു രാഷ്ട്രപതി ദ്രൗദപദി മുർമു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രതികരിച്ചത്





0 Comments