ഓര്‍മ്മയായത് മേവടയുടെ സ്വന്തം ഡോക്ടര്‍.... ഡോ. എന്‍.കെ. ശശികുമാറിന് നാടിന്റെ അന്ത്യാഞ്ജലി



സുനില്‍ പാലാ
 
 
ഓര്‍മ്മയായത് മേവടയുടെ സ്വന്തം ഡോക്ടര്‍.... ഡോ. എന്‍.കെ. ശശികുമാറിന് നാടിന്റെ അന്ത്യാഞ്ജലി
 
ഓര്‍മ്മയായത് മേവടയുടെ സ്വന്തം ഡോക്ടര്‍. പ്രമുഖ ഹോമിയോ ചികിത്സകന്‍ മേവട നിരപ്പേല്‍ ഡോ എന്‍.കെ. ശശികുമാര്‍ (84) ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ആദരിച്ചത്.

കഴിഞ്ഞ 6 പതിറ്റാണ്ടായി മേവടയുടെ സ്വന്തം ഡോക്ടറായിരുന്നു ഡോ. എന്‍. കെ ശശികുമാര്‍. ഇദ്ദേഹത്തിന്റെ കൈപ്പുണ്യത്തിലൂടെ അനേകായിരങ്ങള്‍ക്കാണ് രോഗ സൗഖ്യമുണ്ടായിട്ടുള്ളത്.


 
ഹോമിയോ ചികിത്സയുടെ പ്രചാരത്തിനായി ഉഴിഞ്ഞുവച്ചതായിരുന്നു ഡോ. ശശികുമാറിന്റെ ജീവിതം. നീണ്ട 60 വര്‍ഷം മേവട ജംഗ്ഷനില്‍ നിരപ്പേല്‍ ഹോമിയോ ക്ലിനിക് നടത്തിവന്ന ഇദ്ദേഹം ഒരുമാസം മുമ്പുവരെ ചികിത്സാ രംഗത്ത് സജീവമായിരുന്നു. മേവട ഗ്രാമത്തിന്റെ സ്വന്തം ഡോക്ടറായിരുന്നെങ്കിലും ഡോ. ശശികുമാറിന്റെ കൈപ്പുണ്യമറിഞ്ഞ് ദൂരെദിക്കുകളില്‍ നിന്നുപോലും രോഗികള്‍ മേവടയില്‍ ചികിത്സ തേടിയെത്തിയിരുന്നു. 
 
 
കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും ഡോ. ശശികുമാര്‍ തുടര്‍ച്ചയായി നടത്തി വന്നിട്ടുണ്ട്. ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ ഹോമിയോപ്പ്ത്സ് കേരളയുടെ പാലാ യൂണിറ്റിനെ ഡോ. ശശികുമാര്‍ ദീര്‍ഘനാള്‍ നയിച്ചിട്ടുണ്ട്. സംഘടനയിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു.

നാട്ടിലെ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക മേഖലകളിലും നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. പഴയ കാലത്തെ പ്രമുഖ ചികിത്സകന്‍ നിരപ്പേല്‍ കുമാരന്‍ വൈദ്യന്റെ മകനായ ശശികുമാര്‍ കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളേജിലെ ആദ്യകാല ബാച്ച് വിദ്യാര്‍ത്ഥിയാണ്. ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് ഡോ. ശശികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. 
 
 
ഡോ. ശശികുമാറിന്റെ നിര്യാണത്തില്‍ എം.പി.മാരായ ജോസ് കെ. മാണി, ഫ്രാന്‍സീസ് ജോര്‍ജ്ജ്, മാണി സി. കാപ്പന്‍ എം.എല്‍.എ., എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, സജീവ് വയല, എം.ആര്‍. ഉല്ലാസ് മതിയത്ത്, മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ തുടങ്ങിയവര്‍ അനുശോചിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments