ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പുരോഗമിക്കെ ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തേക്ക്.
ശബരിമലയിലെ വിശേഷാൽ ചടങ്ങായ ‘പടി പൂജ’ വഴിപാട് അനുവദിക്കുന്നതിൽ ഉൾപ്പെടെ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ഇന്റലിജൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വഴിപാടുകളുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. ആചാരങ്ങളിൽ ഇടപെട്ട രീതികളിലും ക്രമക്കേണ്ടുണ്ടെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ശബരിമലയിലെ 18 തരം പൂജകൾ, 39 തരം വഴിപാടുകൾ എന്നിവ പരാമർശിച്ചാണ് വിജിലൻസ് റിപ്പോർട്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെയും അവരുടെ ഏജന്റുമാരുടെയും ഒത്താശയോടെ ക്ഷേത്രവുമായി വ്യാപക ക്രമക്കേടുകൾ നടക്കുന്നു. ഇവ തടയാൻ സുസ്ഥിരവും കൃത്യവുമായ നടപടി സ്വീകരിക്കണം എന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട വിശേഷാൽ പൂജകളുടെ സ്ലോട്ടുകൾ ദേവസ്വം ബോർഡ് ജീവനക്കാരും, അവരുടെ ബിനാമികളും കൈക്കലാക്കുകയും, പിന്നീട് ഉയർന്ന തുക ഈടാക്കി ഭക്തർക്ക് വിൽക്കുകയും ചെയ്യുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്. പടിപൂജയാണ് ഇതിൽ പ്രധാനമായി പരാമർശിക്കുന്നത്. 1.37 ലക്ഷം രൂപയാണ് പടിപൂജയുടെ ഔദ്യോഗിക നിരക്ക്. എന്നാൽ പത്തിരട്ടി വരെ ഇടനിലക്കാർ അധികമായി ഈടാക്കുന്ന നിലയുണ്ട്.




0 Comments