സംസ്ഥാന ബഡ്ജറ്റ് - റബ്ബർ വില 250 പ്രഖ്യാപിക്കണം : ഡാൻ്റീസ് കൂനാനിക്കൽ.
ഒരു കിലോ റബ്ബറിന് 250 രൂപ വില നിശ്ചയിക്കുമെന്നും പതിനാറിനം പച്ചക്കറി പഴവർഗ്ഗ സാധനങ്ങൾ കർഷകരിൽ നിന്നും ന്യായവിലക്ക് സംഭരിക്കുമെന്നും കർഷകർക്ക് പ്രതിവർഷം 5000 രൂപയിൽ കുറയാത്ത പെൻഷൻ നൽകുവാനുള്ള പദ്ധതി കർഷക ക്ഷേമനിധി ബോർഡിലൂടെ നടപ്പിലാക്കുമെന്നതു മടക്കം ഇടതുപക്ഷ മുന്നണി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ പൂർണ്ണമായും നടപ്പിലാക്കുവാനുള്ള പ്രഖ്യാപനങ്ങൾ പുതിയ ബഡ്ജറ്റിലുണ്ടാവണമെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ ആവശ്യപ്പെട്ടു.
കാരുണ്യാ പദ്ധതിയുടെ ചികിൽസാ സഹായം രോഗികളിലേക്ക് എത്തിക്കുവാനുള്ള സംവിധാനം, ഭിന്നശേഷി നിയമനം, ജസ്റ്റീസ് ജെ. ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കൽ തുടങ്ങിയവ കൂടുതൽ കാര്യക്ഷമമാക്കണം.
ബഫർ സോൺ മുതൽ വനം വന്യജീവി സംരക്ഷണ നിയമം വരെ വനം വകുപ്പിന്റെ ഭാഗത്തുനിന്നും തുടർന്നു പോന്ന കർഷക വിരുദ്ധ സമീപനം തിരുത്തിക്കണമെന്നും ജനവിശ്വാസം വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ പുലർത്തുന്ന ജാഗ്രത അഭിനന്ദനീയമാണെന്നും കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ ഡാൻ്റീസ് കൂനാനിക്കൽ പറഞ്ഞു.





0 Comments