കലയുടെ വേദിയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന പയപ്പാർ കലാക്ഷേത്ര ഇത്തവണ രംഗത്തെത്തിയത് ഹരിച്ഛന്ദ്ര ചരിതം കഥയുമായി... ഭക്തമിഴികളിൽ ആനന്ദാശ്രുക്കൾ നിറച്ച് ലഘു ബാലെ ...... അഭിയനത്തിക്കവോടെ നടീനടന്മാർ ...... വീഡിയോ ഈ വാർത്തയോടൊപ്പം
സുനിൽ പാലാ
അരനൂറ്റാണ്ട് മുമ്പ് ഓട്ടന്‍തുള്ളലിലൂടെ അരങ്ങേറി ''ജ്ഞാനപ്പാന കഥാകഥനം'' കടന്ന് ''കുചേലഗതി''യിലൂടെ ഹരിച്ഛന്ദ്ര ചരിതം കഥയിലെത്തിയപ്പോള്‍ അത് പയപ്പാര്‍ കലാക്ഷേത്രയുടെ ചരിത്രംകൂടിയായി മാറി.
പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രിയാണ് സത്യം, ധര്‍മ്മം, നീതി അഥവാ ഹരിച്ഛന്ദ്ര ചരിതം കഥ കലാക്ഷേത്ര അരങ്ങിലെത്തിച്ചത്.
പയപ്പാര്‍ കലാക്ഷേത്ര എന്നുപറഞ്ഞാല്‍ അതൊരു കുടുംബത്തിന്റെ കലോപാസനയാണ്; കലാക്ഷേത്ര ചെറുവള്ളിയില്ലം സി.ഡി. നാരായണന്‍ നമ്പൂതിരിയും മക്കളും സുഹൃത്തുക്കളുമൊക്കെ അടങ്ങുന്ന കലാവേദിയാണിപ്പോള്‍ അരനൂറ്റാണ്ട് പിന്നിട്ടത്.
ഇന്നലെ ഉത്സവ അരങ്ങില്‍ ഹരിച്ഛന്ദ്ര ചരിതം കഥ ആവിഷ്‌കരിച്ചപ്പോള്‍ ഹരിച്ഛന്ദ്രനായി വേഷമിട്ടത് കലാക്ഷേത്രം സി.ഡി. നാരായണന്‍ നമ്പൂതിരി തന്നെ. ചന്ദ്രമതിയായി പാലാ സൗത്ത് കടയം ഗവ. എല്‍.പി. സ്‌കൂളിലെ അധ്യാപിക ശ്രീന ബിനുവും വിശ്വാമിത്രനായി കരിംതുരുത്തിയേല്‍ അനില്‍കുമാറും വീരബാഹുവായി പ്രദീപ് നന്ദകുമാറും ലോഹിതാക്ഷനായി ദുര്‍ഗ്ഗാ പ്രദീപും ശിവപാര്‍വ്വതിമാരായി പ്രത്യുഷും പാര്‍വ്വതിയും നര്‍ത്തകിയായി ദക്ഷിണാ പ്രദീപും ഭടന്‍മാരായി സൂരജ് രാജീവും കാര്‍ത്തികും സത്യകീര്‍ത്തിയായി അനിലും വേഷമിട്ട ഹരിച്ഛന്ദ്ര ചരിതം ഭക്തരെ ഏറെ ആകര്‍ഷിച്ചു..
വീഡിയോ ഇവിടെ കാണാം 👇👇👇
കഥയുടെ ക്ലൈമാക്‌സില്‍ ഭക്തിയാവേശംപൂണ്ട ആസ്വാദകരുടെ മിഴികളില്‍ ആനന്ദാശ്രുക്കള്‍; കലാകാരന്‍മാര്‍ക്ക് നിലയ്ക്കാത്ത കൈയ്യടി അകമ്പടി.
കര്‍മ്മംകൊണ്ട് ഫാര്‍മസിസ്റ്റായ കലാക്ഷേത്ര നാരായണന്‍ നമ്പൂതിരിയും ഇളയമകള്‍ ശ്രീജയയും (ഇപ്പോള്‍ ഗള്‍ഫില്‍ സര്‍ക്കാര്‍ നഴ്‌സ്) ഓട്ടന്‍തുള്ളലുമായാണ് കലാവേദിയിലേക്ക് കാല്‍വച്ചത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് വര്‍ഷങ്ങളോളം ജ്ഞാനപ്പാന കഥാകഥനം അവതരിപ്പിച്ചു. തുടര്‍ന്ന് അയല്‍വാസികളെയും സുഹൃത്തുക്കളെയുംകൂട്ടി നാരായണന്‍ നമ്പൂതിരി കുചേലഗതി വേദിയിലെത്തിച്ചു.
കലാക്ഷേത്രയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നാരായണന്‍ നമ്പൂതിരിയുടെ ഭാര്യ രാജമ്മയും മൂത്തമകള്‍ ശ്രീകലയും കുടുംബവുമെല്ലാം പിന്തുണയേകി. ഇന്നലെ പയപ്പാര്‍ ഉത്സവവേദിയില്‍ ഹരിച്ഛന്ദ്ര ചരിതം സംവിധാനം ചെയ്ത് അവതരിപ്പിച്ച നാരായണന്‍ നമ്പൂതിരിയെയും മറ്റ് കലാകാരന്‍മാരെയും പയപ്പാര്‍ ക്ഷേത്രോത്സവ സമിതി അനുമോദിച്ചു, പുരസ്‌കാരങ്ങളും നല്‍കി.





0 Comments