സംസ്ഥാനത്ത് അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും പെരുന്നാളുകളും നടന്നുവരുന്ന സമയമാണിത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വൈദ്യുതി സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഉത്സവ ആവശ്യങ്ങൾക്ക് താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് കെഎസ് ഇബിയുടെ അനുമതി ആവശ്യമാണ്. അനുമതികൂടാതെ എക്സ്റ്റൻഷനെടുക്കുന്നത് നിയമവിരുദ്ധമാണ്. ഏതൊരു താത്കാലിക വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു മുമ്പ് കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിയും വാങ്ങണമെന്നും കെഎസ്ഇബി ഫെയ്സ്ബുക്കിൽ കുറിച്ചു.
‘കണക്ഷനുകളുടെ തുടക്കത്തിൽത്തന്നെ RCCB അഥവ ELCB ഘടിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം. ഇത് വൈദ്യുതി അപകടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. RCCB നിശ്ചിത ഇടവേളകളിൽ ടെസ്റ്റ് ചെയ്ത്, പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കുകയും വേണം. വൈദ്യുതിലൈനിനു സമീപമുള്ള മരങ്ങളിലും കെട്ടിടങ്ങളിലും ദീപാലങ്കാരം നടത്തരുത്.
പൊതുഇടങ്ങളിൽ ദീപാലങ്കാരം നടത്തുമ്പോൾ ഇൻസുലേഷൻ നഷ്ടമായതും ജോയിൻ്റ് ഉള്ളതുമായ വയറുകൾ ഉപയോഗിക്കരുത്. കൈയെത്താത്ത ഉയരത്തിലാകണം വിളക്കുകൾ സ്ഥാപിക്കേണ്ടത്. ബോർഡുകൾ, കമാനങ്ങൾ, തോരണങ്ങൾ തുടങ്ങിയവ വൈദ്യുതിലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രമേ സ്ഥാപിക്കാൻ പാടുള്ളു. വയറിൽ മൊട്ടുസൂചി/സേഫ്റ്റി പിൻ കുത്തി കണക്ഷനെടുക്കുന്നതും വയർ ജോയിന്റുകൾ ശരിയായ തരത്തിൽ ഇൻസുലേറ്റ് ചെയ്യാതിരിക്കുന്നതും അപകടം ക്ഷണിച്ചുവരുത്തും’- കുറിപ്പിൽ പറയുന്നു.




0 Comments