കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല



 നടി ശേഭന ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുമ്പ് ഗവര്‍ണറുടെ സമയം ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങിന്റെ സാമ്പത്തിക ചെലവ് വഹിക്കാന്‍ സര്‍വകലാശാലയ്ക്ക് ശേഷിയില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. 

 ചടങ്ങ് നടത്താന്‍ 15 ലക്ഷം രൂപ വേണമെന്ന് സര്‍വകലാശാല വിസി ഡോ. കെ കെ ഗീതാകുമാരി പറഞ്ഞു. സര്‍വകലാശാല സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇതേപ്പറ്റി ചിന്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരുയോഗവും ചേര്‍ന്നിട്ടില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ഡി ലിറ്റ് നല്‍കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും വിസി വ്യക്തമാക്കി. 


 2021 ഒക്ടോബര്‍ 8 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ശോഭന, സംസ്‌കൃത പണ്ഡിതനും സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ഡോ. ടി എം കൃഷ്ണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ അതിന് അനുമതിയും നല്‍കി. കഴിഞ്ഞദിവസം ഒരു ചടങ്ങിനെത്തിയ ശോഭന സൗഹൃദ സംഭാഷണത്തിനിടെ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. 


 ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ് ശോഭനയ്ക്ക് ഡി ലിറ്റ് നല്‍കുന്നതെന്നാണ് സർവകലാശാല പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ ശോഭന നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. എന്‍ പി ഉണ്ണിക്കും, ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ടി എം കൃഷ്ണയ്ക്കും ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments