കിണര്‍ വൃത്തിയാക്കുന്നതിനിടെ 30 അടി ഉയരത്തില്‍നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്.

 

മുട്ടം കാക്കൊമ്പില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ 30 അടി ഉയരത്തില്‍നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. മുട്ടം മങ്ങാട്ടില്‍ സണ്ണി (52) ആണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ 8:35-ഓടെ മുട്ടം പഞ്ചായത്ത് ആറാം വാര്‍ഡിലെ പെരക്കാട്ട് ബെന്നിയുടെ വീടിന് സമീപമുള്ള പുരയിടത്തിലായിരുന്നു അപകടം. 45 അടി ആഴവും 6 അടി വ്യാസവുമുള്ള കിണര്‍ വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് കയറില്‍ പിടിച്ച് തിരികെ കയറുന്നതിനിടെയാണ് സണ്ണി താഴേക്ക് പതിച്ചത്. ഏകദേശം 30 അടി ഉയരത്തില്‍ വെച്ച് കൈവഴുതി കിണറിന്റെ തറയിലേക്ക് വീഴുകയായിരുന്നു.


 വീഴ്ചയുടെ ആഘാതത്തില്‍ സണ്ണിയുടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും അസ്ഥികള്‍ പുറത്തുവരികയും ചെയ്തു. പാറ പൊട്ടിച്ച് താഴ്ത്തിയ കിണറില്‍ വെള്ളം കുറവായിരുന്നു എന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. വിവരമറിഞ്ഞ ഉടന്‍ തൊടുപുഴ അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി. തോമസിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. ദുര്‍ഘടമായ കിണറായതിനാല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സഹിതമാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വിവേക്, ജെയിംസ് നോബിള്‍ എന്നിവര്‍ താഴേക്കിറങ്ങിയത്. 


പരിക്കേറ്റ സണ്ണിയെ അതിവേഗം റെസ്‌ക്യൂ നെറ്റിലാക്കി സേനാംഗങ്ങള്‍ വടം ഉപയോഗിച്ച് മുകളിലെത്തിച്ചു. ഉടന്‍ തന്നെ സേനയുടെ ആംബുലന്‍സില്‍ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേനാംഗങ്ങളായ എബി സി.എസ്, വിവേക്, ജെയിംസ് നോബിള്‍, സച്ചിന്‍ സാജന്‍, ഫ്രിജിന്‍ എഫ്.എസ്, ജയ്‌സ് സാം ജോസ്, ജോബി കെ. ജോര്‍ജ്, ജെയിംസ് പുന്നന്‍. ഹോം ഗാര്‍ഡുമാരായ ഷാജി പി.ടി, സണ്ണി, സാജന്‍ വര്‍ഗീസ്, പ്രമോദ്, നാസര്‍ കെ.എസ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വേനല്‍ക്കാലത്ത് കിണര്‍ വൃത്തിയാക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ച് അഗ്‌നിരക്ഷാസേന മുന്നറിയിപ്പ് നല്‍കി.


 ദീര്‍ഘകാലം ഉപയോഗിക്കാത്ത കിണറുകളില്‍ പ്രാണവായുവിന്റെ കുറവുണ്ടാകാന്‍ സാധ്യതയുണ്ട്. നനഞ്ഞ കയറുകളോ പ്ലാസ്റ്റിക് കയറുകളോ ഉപയോഗിക്കുമ്പോള്‍ വഴുതി വീഴാന്‍ സാധ്യത കൂടുതലാണ്. കിണറ്റിലിറങ്ങുമ്പോള്‍ മുകളില്‍ മതിയായ സഹായം ഉറപ്പാക്കണം. മദ്യപിച്ച് ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. മുന്‍പരിചയമില്ലാത്തവര്‍ കിണര്‍ ശുചീകരണത്തിന് ഇറങ്ങുന്നത് ഒഴിവാക്കണം. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments