നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് ശതമാനം 90 കടക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതീക്ഷ. പോളിംഗ് ശതമാനം ഉയർത്താനിടയാക്കിയത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം എന്ന എസ്.ഐ.ആർ നടപടികളാണെന്നാണ് കമ്മീഷൻ വിലയിരുത്തുന്നത്.
ഏറെ വിവാദങ്ങളുയർന്നെങ്കിലും മരിച്ചവരെയും സ്ഥലംമാറിപ്പോയവരെയും ഇരട്ടവോട്ടുകാരെയുമൊക്കെ ഒഴിവാക്കി ശുദ്ധീകരിച്ച വോട്ടർ പട്ടികയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. അതോടെയാണ് പോളിംഗ് ശതമാനം കുതിച്ചുയരാൻ വഴിയൊരുക്കിയതെന്നാണ് നിരീക്ഷണം. മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസ സ്ഥലം മാറിയവർ, ഇരട്ട വോട്ടുണ്ടായിരുന്നവർ എന്നിങ്ങനെ 8.97ലക്ഷത്തോളം പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. എസ്ഐആർ കരട് പട്ടിക പുറത്തിറക്കിയപ്പോൾ 24.08 ലക്ഷം വോട്ടർമാരെയും അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 53,229 പേരെയും ഉൾപ്പെടെ 24.61 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
പിന്നീട് ഹിയറിംഗുകൾക്ക് ശേഷം 15ലക്ഷത്തോളം പേരെ ഉൾപ്പെടുത്തുകയായിരുന്നു. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ നഗരമണ്ഡലങ്ങളിൽ 1.61 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കപ്പെട്ടത്. കാലങ്ങളായി ഇരട്ട വോട്ടുകൾക്കായി മുന്നണികൾ പട്ടികയിൽ ഉൾപ്പെടുത്തിയവരാണ് ഇവരെന്നാണ് വിലയിരുത്തൽ. മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ, ഈ മണ്ഡലങ്ങളിൽ എത്തി താമസമായവർക്ക് തദ്ദേശ ജനപ്രതിനിധികളുടെ ശുപാർശയോടെ കോർപറേഷൻ നൽകിയ റസിഡൻസ് സർട്ടിഫിക്കറ്റുകളാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ രേഖയായത്. ഇവരിൽ ചിലരെങ്കിലും ദൂരജില്ലകളിലെ സ്ഥിരതാമസക്കാരായിരുന്നു. ഈ ഇരട്ടവോട്ടുകൾ എസ്.ഐ.ആറിൽ കണ്ടെത്തിയതോടെ ഒഴിവാക്കപ്പെടുകയും വോട്ടർ പട്ടിക ശുദ്ധീകരിക്കപ്പെടുകയുമായിരുന്നു. രേഖകൾ കൃത്യമല്ലാത്തതാണ് ഇരട്ടവോട്ടുകൾ ഒഴിവാക്കപ്പെടാൻ കാരണമായത്.
എസ്ഐആറിന്റെ ഭാഗമായി രേഖകൾ സമർപ്പിക്കുന്നതും മാപ്പിങ്ങും നിർബന്ധമായതോടെ ഇവരെ ഒഴിവാക്കാൻ ബൂത്ത് ലവൽ ഓഫിസർമാർ നിർബന്ധിതരായി. പലരെയും കണ്ടെത്താനുമായില്ല. ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസക്കാരായിരുന്ന എൺപത്തിയ്യായിരം പേരെയെങ്കിലും കണ്ടെത്താനായില്ല. ഓരോ മണ്ഡലത്തലിലും ഇത്തരക്കാരുടെ എണ്ണം ഇരുപതിനായിരത്തിലേറെയായിരുന്നുവെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 140 മണ്ഡലങ്ങളിൽ 95ലും എസ്ഐആറിന്റെ ഭാഗമായി വോട്ടർമാർ കുറഞ്ഞപ്പോൾ 46 മണ്ഡലങ്ങളിൽ വർധനയുണ്ടായി. വടക്കൻ ജില്ലകളിലാണ് വർധന രേഖപ്പെടുത്തിയ മണ്ഡലങ്ങൾ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടർമാർ കൂടി. മലപ്പുറത്തെ വേങ്ങരയിലാണ് ഏറ്റവും കൂടുതൽ വർധന; 19,297 വോട്ടർമാർ. തിരൂരാണ് രണ്ടാമത്; 18639 പേർ. സി.എസ്.ആർ നടപ്പാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഇത്തവണ നിർബന്ധമായും വോട്ട് ചെയ്യണമെന്നും അല്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്തു പോകാൻ സാദ്ധ്യതയുണ്ടെന്നും സമൂഹമാദ്ധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിച്ചിരുന്നു. പിന്നീട് വോട്ടർ പട്ടികയിൽ ഉൾപ്പെടാനുള്ള പ്രയാസങ്ങളും വിവരിച്ചായിരുന്നു ശബ്ദ സന്ദേശം. ഇതും പോളിംഗ് ശതമാനം ഉയർത്താൻ കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.




0 Comments