വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന തർക്കത്തെത്തുടർന്ന് വെള്ളരിക്കുണ്ടിൽ നവവരന് നേരെ ക്രൂരമായ ആക്രമണം. പറമ്പ റേഷൻകടയ്ക്ക് സമീപം കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി. അബ്രഹാമിനാണ് (45) വെട്ടേറ്റത്. സംഭവത്തിൽ വിവാഹ ബ്രോക്കറായ പറമ്പ സ്വദേശി ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു. മണക്കടവ് സ്വദേശിനിയുമായി അബ്രഹാമിന്റെ വിവാഹം നടത്തിയത് ബേബിയാണ്.
എന്നാൽ വിവാഹശേഷം പറഞ്ഞ പ്രതിഫലം നൽകാൻ അബ്രഹാം തയ്യാറായില്ലെന്ന് ബേബി ആരോപിക്കുന്നു. ഇതിൽ പ്രകോപിതനായ പ്രതി ഏപ്രിൽ നാലിന് രാത്രി കടയിൽ നിൽക്കുകയായിരുന്ന അബ്രഹാമിനെ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ അബ്രഹാമിന്റെ വലതുകൈയിലെ പെരുവിരലും ഇടതുകൈയിലെ ചെറുവിരലും അറ്റുപോയി.
ഗുരുതരമായി പരിക്കേറ്റ അബ്രഹാമിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. പ്രതിയായ ബേബിക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.



0 Comments