അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയുടെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തമിഴ്നാട്ടില്‍ ജനിച്ച റിനി സമ്പത്ത് മത്സരിക്കുന്നു.
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'ഫിക്‌സ് ദ ബേസിക്‌സ്', 'പുതിയൊരു ഡിസി'എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് റിനിയുടെ പ്രചാരണം. തമിഴ്നാട്ടിലെ തേനിയില്‍ ജനിച്ച റിനി, ഏഴാം വയസ്സിലാണ് അമേരിക്കയിലെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി വാഷിംഗ്ടണ്‍ ഡിസിയിലെ താമസക്കാരിയായ ഇവര്‍ ഒരു ഗവണ്‍മെന്റ് കോണ്‍ട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു.
വാഷിംഗ്ടണ്‍ ഡിസിയുടെ ചരിത്രത്തില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജയാണ് റിനി സമ്പത്ത്. താനൊരു രാഷ്ട്രീയക്കാരിയല്ലെന്നും പ്രത്യേക താല്‍പ്പര്യങ്ങളുള്ള ഗ്രൂപ്പുകളോട് തനിക്ക് കടപ്പാടില്ലെന്നും റിനി പറയുന്നു. നഗരത്തിലെ റോഡുകളിലെ കുഴികള്‍ അടയ്ക്കുക, ശുദ്ധജല വിതരണം കുറ്റമറ്റതാക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, എമര്‍ജന്‍സി സര്‍വീസുകളുടെ (911) വേഗത വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് അവര്‍ വ്യക്തമാക്കി. ജൂണ്‍ 16-നാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ നവംബര്‍ 3-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കും.
ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ ആധിപത്യമുള്ള വാഷിംഗ്ടണ്‍ ഡിസിയില്‍ 1975-ല്‍ തിരഞ്ഞെടുപ്പ് ആരംഭിച്ച ശേഷം ഇതുവരെ ഒരു റിപ്പബ്ലിക്കന്‍ മേയര്‍ ഉണ്ടായിട്ടില്ല. ജനീസെ ലൂയിസ് ജോര്‍ജ്ജ്, കെനിയന്‍ മക്ഡഫി തുടങ്ങി പ്രമുഖരായ അഞ്ചോളം സ്ഥാനാര്‍ത്ഥികളാണ് റിനിക്കൊപ്പം മത്സരരംഗത്തുള്ളത്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഊന്നിയുള്ള തന്റെ പ്രചാരണം വിജയത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് റിനി സമ്പത്ത്.



0 Comments