പണിവരുന്നുണ്ടു ഗണ്‍മാനേ...ആലപ്പുഴയിലെ ഗണ്‍മാന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ എസ്.ഐ.ടി. അന്വേഷണം വരുന്നു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതിനായുള്ള തീരുമാനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ കൈക്കൊണ്ടു. അന്ന് അടികൊണ്ടു തലപൊട്ടിയ നേതാക്കളില്‍ ഒരാളാണ് ആലപ്പുഴയുടെ എം.എല്‍.എ എ.ഡി. തോമസ്. മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയന്‍ 'രക്ഷാപ്രവര്‍ത്തനം' എന്നു വിളിച്ചായിരുന്നു മര്‍ദനത്തെ ന്യായീകരിച്ചത്. മര്‍ദനത്തിനു തെളിവുകള്‍ ഇല്ലാ എന്നായിരുന്നു പോലീസിന്റെ ആദ്യ കണ്ടെത്തല്‍. മര്‍ദനത്തില്‍ വീഴ്ചയില്ലെന്നും അതു വെറും ഡ്യൂട്ടിയുടെ ഭാഗമാണെന്നും പറഞ്ഞു പഴയ സര്‍ക്കാര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടു തള്ളണമെന്ന് ആവശ്യപ്പെട്ട് എ.ഡി തോമസ് പരാതി നല്‍കുകയും ചെയ്തിരുന്നു. 2023-ല്‍ നടന്ന നവകേരള യാത്രയ്ക്കിടയില്‍ കണ്ണൂരിലും ആലപ്പുഴയിലും സമാനതകളില്ലാത്ത പോലീസ് ഗുണ്ടായിസമായിരുന്നു അരങ്ങേറിയത്. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗണ്‍മാന്‍മാര്‍, എസ്‌കോര്‍ട്ട് വാഹനത്തില്‍ എത്തിയാണു കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തല തല്ലിപൊട്ടിച്ചത്.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷം പിന്നാലെ വന്ന് ആളുകളെ മര്‍ദിക്കുന്നത് ഏതു പോലീസ് മാന്വലില്‍ ഉള്ളതാണെന്ന ചോദ്യത്തിന് അന്നു മറുപടിയുണ്ടായിരുന്നില്ല. സാധാരണ ലാത്തിയെക്കാള്‍ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാവുന്നതുമായ പ്രത്യേകതരം ദണ്ഡാണു ഗണ്‍മാന്‍ സന്ദീപും സംഘവും ഉപയോഗിച്ചത്. പോലീസ് മാന്വലിനു വിരുദ്ധമായ ഇത്തരം ആയുധങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ കൊണ്ടുനടന്നതു വലിയ ചട്ടലംഘനമായിരുന്നു. ഇടുക്കിയില്‍ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിനു പിടിച്ച സംഭവവും ഉണ്ടായി. മുഖ്യമന്ത്രി ഇവരെ പരസ്യമായി ന്യായീകരിച്ചതോടെ ഈ ഉദ്യോഗസ്ഥര്‍ക്ക് ആരും ചോദിക്കാനില്ലെന്ന ധാരണയായി. എന്നാല്‍, ഭരണം മാറി യു.ഡി.എഫ് അധികാരത്തില്‍ വരുകയും അന്നത്തെ ഇരയായിരുന്ന എ.ഡി തോമസ് എം.എല്‍.എയായി സഭയിലെത്തുകയും ചെയ്തതോടെ കഥ മാറി. ക്രിമിനല്‍ സംഘത്തെപ്പോലെ പെരുമാറിയ ഗണ്‍മാന്‍മാര്‍ക്ക് ഇനി കാക്കി ഊരി വീട്ടിലിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ്. ഉടന്‍ തന്നെ അന്വേഷണ സംഘത്തെ രൂപീകരിക്കും. കോണ്‍ഗ്രസിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരാകും അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കുക. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ എ.ഡി. തോമസ് അന്വേഷണ സംഘത്തിനു കൈമാറും. അതേസമയം, ഗണ്‍മാനേ നീ കാക്കി ഊരുന്ന ദിവസം കാത്തിരിക്കുകയാണു ഞങ്ങള്‍ എന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കുന്നുണ്ട്.


0 Comments