ജനം തിരസ്കരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ യുഡിഎഫിന് വേണ്ട; പിൻവാതിലിലൂടെ ജനാധിപത്യ ചേരിയിലേക്ക് നുഴഞ്ഞുകയറാൻ ചിലർ വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് യുഡിഎഫ് പാലാ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു
പാർലമെൻറ് തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ രാഷ്ട്രീയ ഇരട്ടത്താപ്പുകൾ തിരസ്കരിച്ചതിന്റെ ഫലമാണ് പാലാ അടക്കം കേരളത്തിൽ എമ്പാടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തകർന്നടിഞ്ഞതെന്നും അധികാരമുള്ളിടത്തേക്ക് ഇത്തിക്കണ്ണികളെപ്പോലെ നുഴഞ്ഞുകയറുവാനും അതിന്റെ സത്ത ഊറ്റി കുടിക്കുവാനുമുള്ള മാണി ഗ്രൂപ്പ് പ്രാദേശിക നേതാക്കളുടെ താൽപര്യങ്ങളാണ് നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയെ കുറിച്ചും അതിൻ്റെ കെട്ടുറപ്പിനെകുറിച്ചും സംശയങ്ങൾ പ്രകടിപ്പിച്ചുള്ള വ്യാജവാർത്തകൾക്ക് പിന്നിലെന്നും യുഡിഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പാലാ നഗരസഭാ ഭരണസമിതിയുടെ ഭാഗമായ അംഗങ്ങളെല്ലാം ടീം യുഡിഎഫിന്റെ പ്ലാറ്റ്ഫോമിൽ ഉള്ളവരാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും യുഡിഎഫ് ചൂണ്ടിക്കാട്ടി.
കെട്ടുറപ്പും ജനങ്ങളുടെ അംഗീകാരവും ഉള്ള ഈ ഭരണസമിതിയെ അട്ടിമറിക്കുവാനും ഇതിൽ ഭിന്നത വീഴ്ത്തുവാനുമുള്ള മാണി ഗ്രൂപ്പിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോൾ പുറത്തുവരുന്ന വ്യാജവാർത്തകൾ എന്നാണ് യുഡിഎഫിന്റെ ആരോപണം.
യുഡിഎഫിന് ഇപ്പോൾ പുറത്തുനിന്ന് ആരുടെയും പിന്തുണ ആവശ്യമില്ല. സ്വതന്ത്ര കൂട്ടായ്മയിലെ 3 അംഗങ്ങളും, സ്വതന്ത്ര കൗൺസിലർ മായാ രാഹുലും, തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്, കേരള കോൺഗ്രസ് കൗൺസിലർമാരും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുന്നതിലുള്ള അസ്വസ്ഥതയും അധികാരത്തോടുള്ള ആസക്തിയുമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കാനുള്ള ആർജ്ജവം ഇല്ലെങ്കിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ കൗൺസിലർമാർ രാജിവെച്ച് പദവി ഒഴിയുകയാണ് ജനാധിപത്യ മര്യാദ എന്നും യുഡിഎഫ് മണ്ഡലം ചെയർമാൻ തോമസുകുട്ടി നെച്ചിക്കാട്ട്, മണ്ഡലം കൺവീനർ ജോഷി വട്ടക്കുന്നിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു


0 Comments