പി.എസ്.സി. പരീക്ഷയിലും ''ചരിത്ര ഉത്തര''മായി പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം!




സുനില്‍ പാലാ


 പി.എസ്.സി. ചോദ്യപേപ്പറിലും ''ചരിത്ര ഉത്തര''മായിപാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം! ഇന്നലെ നടന്ന വനിതാ കോണ്‍സ്റ്റബിള്‍ എഴുത്തുപരീക്ഷയിലെ ''ശരിയുത്തരം ദിയ ബിനു'' ആയിരുന്നു. 

ചോദ്യപേപ്പറിലെ പതിനേഴാമത്തെ ചോദ്യമായി വന്നത്, 2025 ഡിസംബറില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത് ആര് എന്നതായിരുന്നു? 

ശരിയുത്തരം തെരഞ്ഞെടുക്കുന്നതിനായി നാല് ഓപ്ഷനുകള്‍ കൊടുത്തിരുന്നു. (എ) ദിയ ബിനു പുളിക്കക്കണ്ടം  (ബി) നിഖിത ജോബി   (സി) സ്‌നേഹ പി.  (ഡി) രേഷ്മ മറിയം. ഇവയില്‍ നിന്നായിരുന്നു ഉത്തരം തെരഞ്ഞെടുത്ത് എഴുതേണ്ടത്. 

പരീക്ഷ കഴിഞ്ഞയുടനെ ഇതേ പരീക്ഷ എഴുതിയ ദിയയുടെ ഒരു അടുത്ത സുഹൃത്താണ് ക്വസ്റ്റ്യന്‍ പേപ്പറിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തത്. 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷ എന്ന ചരിത്ര സ്ഥാനം നിലനിര്‍ത്തിയ ദിയ ബിനു ഇത്തവണ കന്നി മത്സരത്തിനാണ് ഇറങ്ങിയത്. മത്സരിച്ചപ്പോഴും പിന്നീട് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 21 വയസേ ആയിരുന്നുള്ളൂ. ഈ ചരിത്ര നേട്ടത്തെ പി.എസ്.സി. കൂടി ചോദ്യപേപ്പറിലൂടെ ആദരിച്ചിരിക്കുകയാണിപ്പോള്‍. 


''ഇതും എനിക്ക് മഹാഭാഗ്യം. കേരളത്തിന് മുന്നില്‍ കൈ കൂപ്പുന്നു'' 

''രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണ്‍ എന്ന സ്ഥാനത്തേയ്ക്ക് എനിക്ക് ഉയരാന്‍ കാരണമായത് എന്റെ മാതാപിതാക്കളും വാര്‍ഡിലെ നല്ലവരായ വോട്ടര്‍മാരും പാലായിലെ ജാതി-മത-രാഷ്ട്രീയ ഭേദമെന്യെയുള്ള ജനങ്ങളുമാണ്. സര്‍വ്വോപരി ഈശ്വരാനുഗ്രഹവും. പി.എസ്.സിയുടെ ഈ അംഗീകാരത്തെ വലിയ ബഹുമതിയായാണ് ഞാന്‍ കാണുന്നത്. എല്ലാവര്‍ക്കും നന്ദി'' കൂപ്പുകൈകളോടെ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments