വലവൂരിൽ വിസ്മയമായി ഡ്രോൺ വിത്തുവിതയ്ക്കൽ; കാർഷിക പെരുമ പാടി വിദ്യാർത്ഥിയുടെ കവിതാലാപനം
വലവൂർ: കൃഷിയിടങ്ങളിലേക്ക് അത്യാധുനിക സാങ്കേതികവിദ്യ കടന്നുവരുന്നതിന്റെ നേർക്കാഴ്ചയൊരുക്കി വലവൂർ തൊണ്ടിയോട് പാടശേഖരം. വലവൂർ തൊണ്ടിയോട് പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നെല്ലു വിതയ്ക്കൽ ഉത്സവം നേരിട്ടു കാണാനാണ് വലവൂർ ഗവൺമെന്റ് യു.പി സ്കൂളിലെ കുട്ടികൾ എത്തിയത്. പരമ്പരാഗത രീതികൾക്ക് പകരം ഡ്രോൺ ഉപയോഗിച്ച് പാടത്ത് വിത്തു വിതയ്ക്കുന്ന കാഴ്ച വിദ്യാർത്ഥികളിൽ വലിയ വിസ്മയമാണ് ഉണർത്തിയത്.
ആധുനിക സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കുന്നതിലൂടെയുള്ള അനവധി ഗുണങ്ങൾ കുട്ടികൾക്ക് ഈ സന്ദർശനത്തിലൂടെ നേരിട്ട് ബോധ്യപ്പെട്ടു. മണിക്കൂറുകൾ കൊണ്ട് തൊഴിലാളികൾ ചെയ്യുന്ന ജോലി വെറും മിനിറ്റുകൾക്കുള്ളിൽ കൃത്യതയോടെ തീർക്കാൻ ഡ്രോണുകൾക്ക് സാധിക്കുന്നു. കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരമാകാനും ഉത്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കും. പാടത്തിന്റെ എല്ലാ കോണുകളിലും ഒരുപോലെ വിത്തുകൾ വീഴുന്നുവെന്ന് ഡ്രോൺ സാങ്കേതികവിദ്യ ഉറപ്പാക്കുന്നുണ്ട്. ഭാവിയിൽ വളവും കീടനാശിനികളും തളിക്കാൻ ഡ്രോൺ ഉപയോഗിക്കുന്നതിലൂടെ മനുഷ്യർക്ക് നേരിട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാമെന്നും കുട്ടികൾ മനസ്സിലാക്കി.
ശ്രദ്ധേയമായി അദ്വൈതിന്റെ കവിത
പുതിയ കാലത്തെ കൃഷിരീതികൾ കുട്ടികൾ കൗതുകത്തോടെ നോക്കിക്കണ്ടപ്പോൾ, കാർഷിക സംസ്കാരത്തിന്റെ പഴയകാല ഓർമ്മകൾ ഉണർത്തുന്ന മറ്റൊരു മനോഹര നിമിഷത്തിനും പാടശേഖരം സാക്ഷിയായി. നെൽകൃഷിയുമായി ബന്ധപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥിയായ അദ്വൈത് അമൽ സ്വയം രചിച്ച കവിത തദവസരത്തിൽ ചൊല്ലി അവതരിപ്പിച്ചു. അന്യം നിന്നുപോകുന്ന സമ്പന്നമായ കാർഷിക പെരുമയുടെ ഗതകാല സമൃദ്ധിയിലേക്ക് ഒളി വീശുന്നതായിരുന്നു അദ്വൈതിന്റെ കവിത.
പുതുതലമുറയ്ക്ക് കൃഷിയറിവുകളും സാങ്കേതികവിദ്യയുടെ സാധ്യതകളും പകർന്നു നൽകിയ ഈ വേറിട്ട പഠനാനുഭവം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പുത്തൻ ഉണർവാണ് സമ്മാനിച്ചത്.
കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ വിതയുത്സവം ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സീന ജോൺ അധ്യക്ഷത വഹിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ വിദ്യാർഥികൾക്കൊപ്പം
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ തങ്കച്ചൻ, വാർഡ് മെമ്പർ ബിജിമോൾ എം.ടി, സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ.വൈ, അധ്യാപകരായ ഷാനി മാത്യു, ജ്യോത്സ്നി കെ.ആർ, രാഹുൽ ആർ എന്നിവർ കുട്ടികൾക്ക് മാർഗനിർദേശങ്ങളുമായി ഒപ്പമുണ്ടായിരുന്നു. പാടശേഖര സമിതി ഭാരവാഹികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.
70 12 23 03 34

.jpeg)
.jpg)



0 Comments