സുനില്‍ പാലാ
പാലാ അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴിയരികില്‍ കാട്ടുപള്ളകള്‍ വളര്‍ന്ന് കാല്‍നടയാത്ര ദുഷ്‌കരമായതിനെക്കുറിച്ച് ഉയര്‍ന്ന പരാതിക്ക് നഗരസഭയുടെ അടിയന്തര പരിഹാരം.
ഇതു സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രജിത പ്രകാശ് നേരിട്ട് വിഷയത്തില്‍ ഇടപെടുകയും എത്രയും വേഗം കാട്ടുപള്ളകള്‍ നീക്കി റോഡ് ശുചീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാര്‍ നിമിഷനേരം കൊണ്ടാണ് വഴിയരികിലെ കാട്ടുപള്ളകളും കാടും വെട്ടിനീക്കി നടപ്പാത ശുചീകരിച്ചത്.
ദിവസേന നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന വഴിയില്‍ നടപ്പാത കാടുകയറി മൂടിയതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സാഹചര്യം നേരത്തെ ഉണ്ടായിരുന്നു. സന്ധ്യയായാല്‍ ഇഴജന്തുക്കളുടെ ഭീഷണിയും സ്ത്രീകളും കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും ഉയര്‍ന്നിരുന്നു.
പള്ളകള്‍ നീക്കിയതോടെ ഏറെ നാളായി കാല്‍നടയാത്രക്കാര്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടിനാണ് പരിഹാരമായത്.
നഗരമധ്യത്തിലെ പ്രധാന ആരാധനാലയത്തിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും ഓഫീസുകളിലേക്കും എത്തുന്നവര്‍ക്ക് ഏറെ ആശ്വാസമായി ഈ നടപടി. അടിയന്തരമായി ഇടപെട്ട നഗരസഭാ അധികൃതരുടെ നടപടിയെ നാട്ടുകാരും വ്യാപാരികളും ഭക്തരും സ്വാഗതം ചെയ്തു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ് അനുമോദനം
നാളുകളായി അമ്പലപ്പുറത്ത് ക്ഷേത്രവഴിയില്‍ കാട്ടുപള്ളകള്‍ നിറഞ്ഞിരുന്ന സാഹചര്യം ഒഴിവാക്കാന്‍ മുന്‍കൈ എടുത്ത പാലാ നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രജിതാ പ്രകാശിനെ ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു.
വാര്‍ത്ത വന്നയുടന്‍ നടപടി സ്വീകരിച്ച രജിതാ പ്രകാശിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹി നാരായണന്‍കുട്ടി അരുണ്‍നിവാസ് പറഞ്ഞു.





0 Comments