ഡ്രൈവിങ് ലൈസൻസ് പുതുക്കൽ .... വാഹന നിയമത്തിൽ ഭേദഗതി.... അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...


 ഒരു കാലത്ത് ഡ്രൈവിങ് ലൈസൻസ് എടുത്താൽ 20 വർഷത്തേക്ക് പുതുക്കേണ്ടതില്ലായിരുന്നു. എന്നാൽ 2019-ൽ മോട്ടോർ വാഹന നിയമത്തിൽ വന്ന ഭേദഗതിയോടെ ആ രീതി മാറി. ഇനി ലൈസൻസിന്റെ കാലാവധി എല്ലാവർക്കും ഒരുപോലെയല്ല. അപേക്ഷകന്റെ പ്രായം അടിസ്ഥാനമാക്കിയാണ് ലൈസൻസിന്റെ കാലാവധി നിശ്ചയിക്കുന്നത്. അതിനാൽ പലരും പ്രതീക്ഷിക്കുന്നതിനേക്കാൾ നേരത്തെയോ വൈകിയോ ലൈസൻസ് പുതുക്കേണ്ട സാഹചര്യം ഉണ്ടാകാം. 


 മോട്ടോർ വാഹന നിയമത്തിലെ 14-ാം വകുപ്പ് പ്രകാരമാണ് ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി നിർണയിക്കുന്നത്. നോൺ-ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസിനാണ് ഈ പുതിയ മാനദണ്ഡങ്ങൾ ബാധകമാകുന്നത്. 30 വയസിന് താഴെ പ്രായമുള്ള ഒരാൾ ഡ്രൈവിങ് ലൈസൻസ് നേടിയാൽ, ആ വ്യക്തിക്ക് 40 വയസ് പൂർത്തിയാകുന്നതുവരെയാണ് ലൈസൻസ് സാധുവാകുക. ഉദാഹരണത്തിന് 18-ാം വയസിൽ ലൈസൻസ് ലഭിച്ചാൽ അത് പുതുക്കേണ്ടത് 40 വയസാകുമ്പോഴാണ്. അതായത് ഈ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രായം അനുസരിച്ച് 10 മുതൽ 22 വർഷം വരെ ലൈസൻസ് കാലാവധി ലഭിച്ചേക്കാം. 


30 വയസ് മുതൽ 50 വയസിന് താഴെയുള്ളവർക്ക് അനുവദിക്കുന്ന ലൈസൻസിന്റെ കാലാവധി 10 വർഷമാണ്. ഉദാഹരണമായി 35-ാം വയസിൽ ലൈസൻസ് നേടിയ ഒരാൾക്ക് 45-ാം വയസിൽ അത് പുതുക്കേണ്ടിവരും. 2019-ന് മുമ്പ് ഇതേ വിഭാഗത്തിലുള്ളവർക്ക് 20 വർഷത്തെ കാലാവധിയായിരുന്നു ലഭിച്ചിരുന്നത്. 50 മുതൽ 55 വയസ് വരെയുള്ള പ്രായത്തിൽ ലൈസൻസ് നേടുന്നവർക്ക് 60 വയസ് വരെയാണ് ലൈസൻസ് സാധുത. ഉദാഹരണത്തിന് 52-ാം വയസിൽ ലൈസൻസ് ലഭിച്ചാൽ എട്ട് വർഷത്തേക്കായിരിക്കും അത് പ്രാബല്യത്തിൽ ഉണ്ടാകുക.


 മുമ്പ് 50 വയസിന് മുകളിലുള്ളവർക്ക് അഞ്ച് വർഷം മാത്രമായിരുന്നു ലൈസൻസ് അനുവദിച്ചിരുന്നത്. 55 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ് ആദ്യമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതെങ്കിൽ അഞ്ച് വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക. 58-ാം വയസിൽ ലൈസൻസ് നേടിയ ഒരാൾക്ക് 63-ാം വയസിൽ അത് പുതുക്കേണ്ടിവരും. ട്രാൻസ്‌പോർട്ട് വാഹനങ്ങളുടെ ലൈസൻസിലും മാറ്റമുണ്ട്. മീഡിയം, ഹെവി വാഹനങ്ങളുടെ ട്രാൻസ്‌പോർട്ട് ലൈസൻസ് 2019-ന് മുമ്പ് മൂന്ന് വർഷത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ 2019-ന് ശേഷം പുതുതായി എടുത്തതോ പുതുക്കിയതോ ആയ ലൈസൻസുകൾക്ക് അഞ്ച് വർഷമാണ് കാലാവധി.


 ലൈസൻസിന്റെ കാലാവധി അവസാനിച്ചാലും ഉടൻ അസാധുവാകില്ല. മോട്ടോർ വാഹന നിയമപ്രകാരം കാലാവധി തീർന്ന തീയതി മുതൽ 30 ദിവസം വരെ ലൈസൻസ് സാധുവായിരിക്കും. ഈ സമയപരിധിക്കുള്ളിൽ പുതുക്കിയാൽ അധിക നിയമപ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും. ലൈസൻസ് ഒരിക്കൽ എടുത്താൽ വർഷങ്ങളോളം പുതുക്കേണ്ടതില്ലെന്ന പഴയ ധാരണ ഇനി ശരിയല്ല. നിങ്ങളുടെ നിലവിലെ പ്രായവും ലൈസൻസ് ലഭിച്ച തീയതിയും അടിസ്ഥാനമാക്കി കാലാവധി പരിശോധിക്കുന്നത് അത്യാവശ്യമാണ്. സമയബന്ധിതമായി പുതുക്കുന്നത് നിയമപരമായ സുരക്ഷയും അനാവശ്യ പിഴകളും ഒഴിവാക്കാൻ സഹായിക്കും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments