പാലാ ജനറല്‍ ആശുപത്രിയിലെ മോഷണം, .....പ്രതികളെ പിടികൂടാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്....പോലീസ് ജീപ്പില്‍ കയറിയ 'ധൈര്യം' തിരിച്ചടിയാകും


പാലാ ജനറല്‍ ആശുപത്രിയിലെ മോഷണം, .....പ്രതികളെ പിടികൂടാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ്

പാലാ കെ.എം. മാണി സ്മാരക ജനറല്‍ ആശുപത്രിയില്‍ മോഷണത്തിനായി എത്തിയ മൂന്നംഗ സംഘത്തിലെ പ്രതികളെ ആറു ദിവസം പിന്നിട്ടിട്ടും പിടികൂടാനാകാത്തത് സംബന്ധിച്ച് വാര്‍ത്തകൾ വന്നതോടെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

പ്രതികളെ കണ്ടെത്തുന്നതിനായി പാലാ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ശക്തമാക്കി. ആശുപത്രിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിലെ ഒരാള്‍ പൊലീസ് ജീപ്പില്‍ കയറി എസ്.ഐയുടെ സീറ്റില്‍ ഇരിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.


പ്രതികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടും അറസ്റ്റ് വൈകുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കിയത്. പ്രതികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനും ഇവര്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 


ആശുപത്രിയില്‍ നിന്ന് ലഭിച്ച പ്രതികളുടെ തിരിച്ചറിയല്‍ വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. പ്രതികള്‍ക്ക് മുന്‍കാലത്ത് ഉണ്ടായിരുന്ന കേസുകളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

 പോലീസ് ജീപ്പില്‍ കയറിയ 'ധൈര്യം' തിരിച്ചടിയാകും

മോഷണത്തിനായി എത്തിയ സംഘത്തിന് ആശുപത്രിയില്‍ നിന്ന് കാര്യമായൊന്നും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് സംഘത്തിലെ ഒരാള്‍ പൊലീസ് ജീപ്പില്‍ കയറിയതെന്നാണ് അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന. പൊലീസ് വാഹനത്തില്‍ കയറി എസ്.ഐയുടെ സീറ്റില്‍ ഇരിക്കുന്ന തരത്തിലുള്ള ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചതും കേസില്‍ നിര്‍ണായകമാണ്.


പ്രതികളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം വിവിധ തലങ്ങളില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments