ഗുരുവായൂരിൽ റെക്കാർഡ് വിവാഹങ്ങൾ, ദർശനത്തിനും വിവാഹ ചടങ്ങുകളുടെ നടത്തിപ്പിനും ഭക്ത ജനങ്ങൾ
സഹകരിക്കണം: ദേവസ്വം ചെയർമാൻ
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് ഗുരുവായൂർ ക്ഷേത്രത്തിൽ 429 ഉം ആഗസ്റ്റ് 30 ന് 342ഉം സെപ്റ്റംബർ 13ന് 328 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായി ദേവസ്വം ചെയർമാൻ ശ്രീ എ. വി ഗോപിനാഥ് അറിയിച്ചു. .ദേവസ്വം കാര്യാലയത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചെയർമാൻ. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ് ഷിനിജ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് -ചെയർമാൻ പറഞ്ഞു. അഭൂതപൂർവ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്.
വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ
സമയബന്ധിതമായി പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ വിവാഹമണ്ഡപത്തിന് മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. മണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺവേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്ക് ഭാഗത്തെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് സമയമാകുമ്പോൾഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നടയിലെ മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോൾ വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധു -വരൻ മാരുടെ കുടുംബാംഗങ്ങൾ പരമാവധി നിയന്ത്രിക്കണം.
ദർശന ക്രമീകരണം
സുഗമമായ ക്ഷേത്ര ദർശനത്തിനായി കൂടുതൽ സൗകര്യമൊരുക്കാൻ
പ്രദക്ഷിണം, അടി പ്രദക്ഷിണം. ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.ക്ഷേത്ര, ചടങ്ങിനെത്തുന്നവർക്കും ദർശനത്തിന്നെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ജീവനക്കാരുംസെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും.
മഫ്ടിയിൽ ക്ഷേത്രത്തിനകത്തും പോലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാർ, സമൂഹ്യ വിരുദ്ധർ എന്നിവരെ കർശനമായി അമർച്ച ചെയ്യാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്ഷേത്ര പരിസരത്ത് മെഡിക്കൽ സംഘം
അടിയന്തിര ഘട്ടത്തിൽ ഭക്തർക്ക് വൈദ്യ പരിചരണം ലഭ്യമാക്കാൻ ദേവസ്വം മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരുടെ സംഘത്തെ ക്ഷേത്ര പരിസരത്ത് നിയോഗിക്കും
സി സി ടി വി നിരീക്ഷണം
ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകൾ എല്ലാം അടിയന്തിരമായി പ്രവർത്തനക്ഷമമാക്കും. 24 മണിക്കൂറുംസി സി ടി വി നിരീക്ഷണം ശക്തമാക്കാൻ സുരക്ഷാ ജീവനക്കാരെയും നിയോഗിക്കും. സാമൂഹ്യ വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടി എടുക്കും.
റോഡുകളിൽ പാർക്കിങ്ങ് അനുവദിക്കില്ല
വിവാഹത്തിനും ദർശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗുരുവായൂരിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം. ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിങ്ങ് റോഡുകളിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. പാർക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളിൽ മാത്രം. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ് ,ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ക്ഷേത്രപരിസരത്ത് ഭക്തജനങ്ങൾക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തിര സന്ദർഭത്തിൽ ആംബുലൻസ് ഫയർഫോഴ്‌സ് വഴിയൊരുക്കും. ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാർഗ്ഗങ്ങളായ കുന്നംകുളം - ഗുരുവായൂർ, ചൂണ്ടൽ- ഗുരുവായൂർ, ചാവക്കാട് - ഗുരുവായൂർ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങൾ കൂട്ടമായി പാർക്ക് ചെയ്യാതിരിക്കാൻ യാത്രക്കാർ ശ്രദ്‌ധിക്കണം. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നതായി ചെയർമാൻ
എ.വി ഗോപിനാഥ് അറിയിച്ചു.
70 12 23 03 34





0 Comments