ആത്മീയ ശ്രേഷ്ഠൻ ഫാദർ അലക്സാണ്ടർ ഓലിയ്ക്കലിന് നാടിൻ്റെ അന്ത്യാഞ്ജലി.
പാലാ രൂപതയിലെ മുതിർന്ന വൈദികനും ആത്മീയ ശ്രേഷ്ഠനുമായ ഫാ. അലക്സാണ്ടർ ഓലിയ്ക്കലിന് (90) നാടിൻ്റെ അന്ത്യാഞ്ജലി. 1936 ൽ ഭരണങ്ങാനം ഇടവകയിൽ ഓലിയ്ക്കൽ ചാണ്ടിയുടെയും അന്നമ്മയുടെയും 11 മക്കളിൽ മൂത്ത മകനാണ് അലക്സാണ്ടർ. ആത്മീയതയും കർഷക സ്നേഹവും ഒരുപോലെ പരിപാലിക്കുകയും തൻ്റെ ഇടവക സമൂഹത്തിന് അത് പകർന്നു നൽകുകയും ചെയ്ത ആദരണീയനായിരുന്നു ഫാ. അലക്സാണ്ടർ.
1964 വൈദിക പട്ടം ലഭിച്ച അദ്ദേഹം ഇന്നത്തെ വൈദിക വിദ്യാർത്ഥികൾക്കും അജപാലകർക്കും മാർഗ്ഗനിർദ്ദേശം നൽകുന്ന ഒരു പാഠക പുസ്തകം ആയിരുന്നു. രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ജീവിതകാലത്ത് അദ്ദേഹത്തെ ശുശ്രൂഷിക്കാനും അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട സഹകാർമികനുമായിരുന്നു ഫാ. അലക്സാണ്ടർ.
അജപാലകർക്കായി വാ. കുഞ്ഞച്ചനും പള്ളിയിലെ കൊച്ചച്ചനായ ഫാ. അലക്സാണ്ടറും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഓർമ്മക്കുറിപ്പുകൾ അദ്ദേഹം തൻ്റെ ആത്മകഥയായ "ഒരു ഇടവക വൈദികന്റെ ജീവിതക്കുറിപ്പുകൾ" എന്ന പുസ്തകത്തിൽ വിശദമായി കുറിച്ചിട്ടുണ്ട്. അക്കാലത്ത് ചോർന്നൊലിക്കുന്ന രാമപുരം പള്ളിമുറി കുഞ്ഞച്ചനായി ഓലകൊണ്ട് പുതുക്കി പണിതതും അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ ആയിരുന്നു.
വാ. കുഞ്ഞച്ചൻ ആണ് തൻ്റെ വഴികാട്ടിയെന്ന് ഫാ. അലക്സാണ്ടർ പല വേദികളിലും പറഞ്ഞിട്ടുണ്ട്. വിശുദ്ധ അൽഫോൻസാമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാനും വിദ്യാർത്ഥിയായിരിക്കെ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. കൃഷിയോടും കർഷകരോടും കാർഷിക മേഖലയോടും അതിയായ സ്നേഹവും പരിപാലനവും അദ്ദേഹം കാണിച്ചിരുന്നു. ഇവയെ കുറിച്ച് എല്ലാം വിശദമായി ആത്മകഥയിൽ അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. വൈദിക വിദ്യാർഥികൾക്കുള്ള മാർഗ്ഗരേഖയും പാഠപുസ്തകവുമാണ് ഈ ആത്മകഥ.
1964 ൽ കൂട്ടിക്കൽ എന്ന കർഷക ഗ്രാമത്തിൽ വൈദിക സേവനം ആരംഭിച്ച അദ്ദേഹം വനമേഖലകളും കുന്നുകളും കയറി കർഷകർക്കാവശ്യമായ ഉപകരണങ്ങളും ഭവന നിർമ്മാണം ഉൾപ്പെടെയുള്ള സഹായങ്ങളും എത്തിച്ചു നൽകി. കഷ്ടതയിൽ കഴിഞ്ഞ സമൂഹത്തെ ഉയർത്തിക്കൊണ്ടു വരാൻ അദ്ദേഹത്തിൻ്റെ പ്രവർത്തികൾക്കായി.
മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിന്റെ പ്രിയപ്പെട്ട വൈദികനും ആയിരുന്നു അദ്ദേഹം. പാലാ രൂപത ഏറ്റെടുത്ത കൂട്ടിക്കലിലെ സീ വ്യൂ എസ്റ്റേറ്റിൻ മെത്രാന്റെ നിർദ്ദേശപ്രകാരം മാനേജർ ആയി 9 വർഷക്കാലം അദ്ദേഹം നിയമിതനായി. കർഷക സമരങ്ങളും തൊഴിൽ പ്രതിസന്ധിയും രൂക്ഷമായ അക്കാലത്ത് അച്ചൻ്റെ ഇടപെടലിലൂടെ സമരങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും വിജയം കണ്ടു. നഷ്ടത്തിലായിരുന്ന എസ്റ്റേറ്റിനെ നേട്ടങ്ങളുടെ നിറവിൽ എത്തിച്ചാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുത്തത് മടങ്ങിയത്.
48 വർഷത്തെ വൈദിക സേവനത്തിന് ശേഷം റിട്ടയർ ചെയ്ത അലക്സാണ്ടർ കഴിഞ്ഞ 15 വർഷമായി പാലാ കാർമൽ ആശുപത്രിയുടെ ചാപ്ലിൻ ആയും സേവനമനുഷ്ഠിച്ചു. ഇത്രയും വർഷക്കാലം ആത്മീയ സേവനവും അജപാലനവും സ്വായത്തമാക്കിയ വൈദികർ പാലാ രൂപതയിൽ തന്നെ വിരളമാണ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്നു മാസം മാത്രമാണ് ആത്മീയ ജീവിതത്തിന് വിശ്രമം നൽകിയത്. വൈദിക സമൂഹത്തിനും കർഷക സമൂഹത്തിനും അനുഭവങ്ങളിലൂടെ അറിവ് പകർന്ന വ്യക്തിത്വത്തെയാണ് ഫാദർ അലക്സാണ്ടറിലൂടെ നഷ്ടമായത്.
ഭരണങ്ങാനത്തെ വസതിയിൽ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് ആർച്ച് ബിഷപ് എമിരിറ്റസ് മാർ തോമസ് മേനാംപറമ്പിലിൻ്റെ കാർമ്മികത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഭരണങ്ങാനം സെൻ്റ് മേരിസ് ഫൊറോന പള്ളിയിൽ മാർ ജേക്കബ് മുരിക്കൻ സമൂഹബലി അർപ്പിക്കും. തുടർന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ മുഖ്യകാർമ്മികത്വത്തിൽ സംസ്കരിക്കും. ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് (മാവേലിക്കര), യൂഹന്നാൻ മാർ ക്രിസോസ്റ്റം (പത്തനംതിട്ട) എന്നിവർ പങ്കെടുക്കും.
70 12 23 03 34




0 Comments