ഭരണങ്ങാനം പഞ്ചായത്തിലെ ഗവൺമെൻറ് സ്കൂളുകൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. തുക അനുവദിച്ചത് മുൻ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ളാക്കൽ.
ഭരണങ്ങാനം പഞ്ചായത്തിലെ മൂന്ന് ഗവൺമെൻറ് സ്കൂളുകൾ ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. ജില്ലാ പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പഞ്ചായത്തിലെ മൂന്ന് ഗവൺമെൻറ് സ്കൂളുകളിലും സൗരോർജ്ജ സിസ്റ്റം സ്ഥാപിക്കുന്നത്. ഇടപ്പാടി അരിപ്പാറ ഗവൺമെൻറ് എൽ. പി സ്കൂൾ, അളനാട് ഗവൺമെൻറ് യു.പി സ്കൂൾ, കയ്യൂർ ഗവൺമെൻറ് എൽ. പി സ്കൂൾ എന്നിവയാണ് ഭരണങ്ങാനം പഞ്ചായത്തിലെ ഗവൺമെൻറ് സ്കൂളുകൾ. കാലാവസ്ഥ വ്യതിയാനം മൂലം വൈദ്യുതി വിതരണം തടസ്സപ്പെട്ടാലും കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും ഇനി ഉണ്ടാവുകയില്ല.
വർഷംതോറും പഞ്ചായത്ത് ഗവൺമെൻറ് സ്കൂളുകളുടെ വൈദ്യുതി ചാർജ് ഇനത്തിൽ അടയ്ക്കുന്ന വലിയ തുക ഇനി ഒഴിവാകും. അതുപോലെ സ്കൂളിൽ ഉപയോഗിച്ചതിനു ശേഷം മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് നൽകുവാൻ കഴിയും.ഇങ്ങനെ മാസംതോറും വൈദ്യുതി ചാർജ് ഇനത്തിലും വൈദ്യുതി വിറ്റും ലഭിക്കുന്ന തുക പഞ്ചായത്തിന്റെ പൊതുവായ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഉപകരിക്കും.അതുപോലെ കമ്പ്യൂട്ടർ,ഫാൻ, ലൈറ്റ്, മിക്സി, മോട്ടോർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വൈദ്യുതി മുടങ്ങിയാലും സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയും. ഓരോ സ്കൂളിലും നാല് ബാറ്ററി യൂണിറ്റ്, ഇൻവെർട്ടർ,സോളാർ പാനൽ ഉൾപ്പെടെയാണ് സ്ഥാപിക്കുന്നത്.
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിർമ്മാണം ആരംഭിച്ചുവെങ്കിലും ഉപകരണങ്ങൾ ലഭിക്കുന്നതിനു വന്ന കാലതാമസമാണ് പദ്ധതി പൂർത്തീകരിക്കാൻ വൈകിയത്. അഞ്ചുവർഷ ഗ്യാരണ്ടിയോടു കൂടി കേരള ഇലക്ട്രിക്കൽ ലിമിറ്റഡ് ആണ് സോളാർ സിസ്റ്റം സ്ഥാപിക്കുന്നത്. ഓണാവധിക്ക് ശേഷം പദ്ധതി ഉദ്ഘാടനം ചെയ്ത് സ്കൂളുകൾക്ക് സമർപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സുധാ ഷാജി മുൻ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ എന്നിവർ അറിയിച്ചു.
70 12 23 03 34



0 Comments