മെഡല്‍ തിളക്കം മാറും മുമ്പേ കത്തി ആക്രമണം; വനിതാ എ.എസ്.ഐ നിസയ്ക്ക് കൈക്ക് പരിക്ക്. അക്രമാസക്തയായ സ്ത്രീയെ സമാധാനിപ്പിച്ച് വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സംഭവം.



സുനില്‍ പാലാ


മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചതിന്റെ സന്തോഷം മാറും മുമ്പേ ഡ്യൂട്ടിക്കിടെ അപകടകരമായ സാഹചര്യത്തെ നേരിട്ട പാലാ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.എസ്. നിസയ്ക്ക് കൈക്ക് പരിക്ക്. വയലന്റായി പെരുമാറിയ സ്ത്രീയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുക്കുന്നതിനിടെയാണ് വനിതാ എ.എസ്.ഐയുടെ വലത് ഉള്ളംകയ്യില്‍ മുറിവേറ്റത്.

ഞായറാഴ്ച വൈകിട്ട് പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. രാമപുരം സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോകുന്നതിനായി കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എത്തിയതായാണ് വിവരം.
ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ ബസ് സ്റ്റാന്‍ഡില്‍ വച്ച് അക്രമാസക്തമായി പെരുമാറുകയായിരുന്നു. സ്ത്രീയുടെ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് എ.എസ്.ഐ നിസ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി.

നിസ അക്രമാസക്തയായ സ്ത്രീയെ അനുനയിപ്പിച്ച് ശാന്തയാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ഇരുത്തി. ഇതിനിടെയാണ് സ്ത്രീയുടെ കൈയില്‍ കത്തി ഉണ്ടെന്നത് നിസയുടെ ശ്രദ്ധയില്‍പ്പെട്ടത്.
അപകടസാധ്യത കണക്കിലെടുത്ത് ഈ കത്തി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എ.എസ്.ഐയുടെ കൈയ്ക്ക് മുറിവേല്‍ക്കുകയായിരുന്നു. കത്തി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ സംഭവത്തില്‍ കൈയ്ക്ക് പരിക്കേറ്റ എ.എസ്.ഐക്ക് ചികിത്സയും നല്‍കി.

സംഭവസമയത്ത് എ.എസ്.ഐയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലാണ് കൂടുതല്‍ അപകടം ഒഴിവാക്കാന്‍ സഹായിച്ചതെന്നാണ് അറിവ്.



മെഡല്‍ നേട്ടത്തിന് പിന്നാലെ വീണ്ടും കയ്യടി അര്‍ഹിക്കുന്ന ഇടപെടല്‍

പാലാ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.എസ്. നിസയ്ക്ക് ഇത്തവണ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ലഭിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിലെ മികവിന് അംഗീകാരമായി മെഡല്‍ ലഭിച്ചതിന്റെ സന്തോഷം മാറും മുമ്പാണ് ഡ്യൂട്ടിക്കിടെ അപകടകരമായ സാഹചര്യത്തെ നേരിടേണ്ടി വന്നത്.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനിടെ സ്വന്തം സുരക്ഷ പോലും മറന്ന് ഇടപെടേണ്ടിവരുന്ന പോലീസുകാരുടെ ജോലിയുടെ അപകടസാധ്യത കൂടി വ്യക്തമാക്കുന്നതാണ് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ സംഭവം.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. സ്ത്രീയുടെ കൈയില്‍ കത്തി എങ്ങനെ എത്തി, ഇവര്‍ അക്രമാസക്തമായി പെരുമാറാനുണ്ടായ സാഹചര്യം തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തില്‍ വ്യക്തമാകും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments