പാലാ നഗരസഭാ ചെയർപേഴ്സൺ ഔദ്യോഗിക വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി ....."തോഴിയെ അഡ്മിനാക്കി" എന്ന കുറിപ്പിട്ടതിന് പിന്നാലെ യുഡിഎഫ് കൗൺസിലർമാർ കൂട്ടലെഫ്റ്റ് അടിച്ചു ...... മുൻകൂട്ടി ആസൂത്രിതമായ നാടകമെന്ന് ഭരണപക്ഷം
പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ രൂപീകരിച്ച ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലർമാർ കൂട്ടത്തോടെ ലെഫ്റ്റ് ചെയ്തത് നഗരസഭയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു.
ചെയർപേഴ്സന്റെ "തോഴിയെ" ഗ്രൂപ്പിന്റെ അഡ്മിനായി നിയമിച്ചതിൽ പ്രതിഷേധിച്ചാണ് ഗ്രൂപ്പ് വിടുന്നതെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഗ്രൂപ്പിൽ കുറിപ്പിട്ടതിന് പിന്നാലെയാണ് യുഡിഎഫ് കൗൺസിലർമാർ കൂട്ടത്തോടെ പുറത്തുപോയത്.
നഗരസഭയിലെ മുഴുവൻ കൗൺസിലർമാരെയും പ്രധാന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് ഔദ്യോഗിക ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. യോഗ അറിയിപ്പുകളും ഭരണപരമായ വിവരങ്ങളും കൈമാറുന്നതിനുള്ള വേദിയായാണ് ഗ്രൂപ്പ് ആരംഭിച്ചത്.
ഗ്രൂപ്പിൽ ചെയർപേഴ്സനോട് എപ്പോഴും ഒപ്പം നിൽക്കുന്ന ഒരു കൗൺസിലറെ അഡ്മിനായി നിയമിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഔദ്യോഗിക ഗ്രൂപ്പിൽ ഇത്തരമൊരു നിയമനം നിഷ്പക്ഷതയ്ക്ക് വിരുദ്ധമാണെന്നും അതിനാലാണ് ഗ്രൂപ്പ് വിടാൻ തീരുമാനിച്ചതെന്നുമാണ് യു.ഡി. എഫ്. കൗൺസിലർമാർ പറയുന്നത്.
എന്നാൽ, യുഡിഎഫിന്റെ ഈ വിശദീകരണത്തെ ഭരണപക്ഷം തള്ളിക്കളയുന്നു.
പാർലമെന്ററി പാർട്ടി ലീഡറുടെ കുറിപ്പ് ഗ്രൂപ്പിൽ വരുന്നതിന് മുമ്പേ തന്നെ യുഡിഎഫിലെ രണ്ട് കൗൺസിലർമാർ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായിരുന്നുവെന്നാണ് ഭരണനേതൃത്വത്തിന്റെ ചൂണ്ടിക്കാട്ടൽ. അതിനാൽ, കൂട്ടലെഫ്റ്റ് മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ നീക്കമാണെന്ന ആക്ഷേപവും ഭരണപക്ഷം ഉയർത്തുന്നു.
മുൻകാലങ്ങളിൽ നഗരസഭാ ചെയർമാൻമാർ ഇത്തരത്തിലുള്ള ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുമ്പോൾ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗൺസിലർമാരും അതിൽ അംഗങ്ങളായി തുടർന്നിരുന്നുവെന്നും, ഇത്തവണയാണ് ഔദ്യോഗിക ഗ്രൂപ്പ് തന്നെ രാഷ്ട്രീയ ഏറ്റുമുട്ടലിന് വേദിയായതെന്നും ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തുകയാണ്.
70 12 23 03 34





0 Comments