റിംഗ് റോഡ് രണ്ടാം ഘട്ടം യാഥാർത്ഥ്യമാകും. കളരിയാമാക്കൽ പാലത്തിനും ശാപ മോക്ഷം. മാണി സി കാപ്പൻ എം.എൽ.എ



റിംഗ് റോഡ് രണ്ടാം ഘട്ടം യാഥാർത്ഥ്യമാകും.
കളരിയാമാക്കൽ പാലത്തിനും ശാപ മോക്ഷം.
മാണി സി കാപ്പൻ എം.എൽ.എ

 പതിറ്റാണ്ടുകൾക്കുമുമ്പ് വിഭാവനം ചെയ്ത റിംഗ് റോഡിന്റെ രണ്ടാം ഘട്ടം യാഥാർത്ഥ്യമാകാനുള്ള നടപടികൾ അവസാനഘട്ടത്തിലെന്ന് മാണി സി. കാപ്പൻ എം.എൽ.എ. ടൗണിന്റെ ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ കടപ്പാട്ടൂരിൽ തുടങ്ങി പന്ത്രണ്ടാം മൈൽ, കളരിയാമാക്കൽ, െഞാണ്ടി മാക്കൽ, പേണ്ടാനംവയൽ, നെല്ലിയാനി വഴി കടപ്പാട്ടുരെത്തി അവസാനിക്കുന്ന രീതിയിലാണ് കെ.എം മാണിയുടെ കാലത്ത് റോഡ് വിഭാവനം ചെയ്തത്. 


നാലു ഘട്ടമായി പണിയാൻ ഉദ്ദേശിച്ച റോഡിന്റെ ഒന്നാം ഘട്ടം 2019 ൽ പണി പൂർത്തീയായെങ്കിലും ബാക്കി മൂന്ന് ഘട്ടത്തിനുള്ള പണം ഉൾപ്പെടെയുള്ള ഒരു നടപടിയും  സ്വീകരിക്കാത്തതിനാൽ പദ്ധതി അവതാളത്തിലായി.  പന്ത്രണ്ടാം മൈലിൽ നിന്നും ആരംഭിച്ച് കളരിയാമാക്കൽ കടവ് വരെ 2.120 കി.മീറ്റർ ദൈർഘ്യമുള്ള രണ്ടാം ഘട്ടം റോഡ് നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 5 കോടി രൂപയും വയാഡെക്ട് മാതൃകയിൽ റോഡ് നിർമ്മിക്കുന്നതിന് 50 കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. 


സമീപന പത്രയില്ലാതെ പണിത കളരിയാമാക്കൽ പാലം ജനങ്ങൾക്ക് പ്രയോജനമില്ലാത്ത അവസ്ഥയിൽ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ഉടൻ പ്രശ്നം പഠിച്ചപ്പോൾ 13.5 കോടി രൂപാ മിച്ചമുണ്ടെന്ന് മനസ്സിലാക്കി 5 പേരുടെ സ്ഥലം ഏറ്റെടുത്ത് ഏകദേശം 200 മീറ്റർ പണിയാൻ പദ്ധതിയിട്ടെങ്കിലും പലവിധ കാരണങ്ങളാൽ തടസ്സപ്പെട്ടു. സമീപന പാതയൊരുക്കി പാലം പ്രയോജനപ്പെടുത്താനുള്ള നീക്കമാണ് ധ്യതഗതയിൽ  ഇപ്പോൾ നടക്കുന്നത്. 


മീനച്ചിൽ, പൂവരണി വില്ലേജുകളിലായി 528.47 സെന്റ് സ്ഥലം ഏറ്റെടുത്തു മാത്രമേ രണ്ടാം ഘട്ട പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ. മുനിസിപ്പൽ പ്രദേശത്ത് 15 മീറ്ററും പഞ്ചായത്ത് പ്രദേശങ്ങളിൽ 12 മീറ്റർ വീതിയിലും റോഡ് നിർമ്മിക്കാൻ നാറ്റ്പാക്ക് രൂപകല്പന ചെയ്ത് 47 പേരുടെ വസ്തു സർവെ നടപടികൾ പൂർത്തീകരിച്ച്  കല്ലിട്ട് വില നിർണ്ണയവും 2016 ൽ നടത്തിയെങ്കിലും പദ്ധതി മുമ്പോട്ടു പോയില്ല  . മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന മീനച്ചിൽ വില്ലേജിലെ 36 ഉം പൂവരണി വില്ലേജിലെ 11 പേരുടെയും സ്ഥലങ്ങളാണ് വർഷങ്ങളായി നിർമ്മാണപ്രവർത്തനങ്ങൾ നടത്താനൊ സ്ഥലംവിൽക്കാനൊ സാധിക്കാത്ത അവസ്ഥയിലായിരിക്കുന്നത്.  ഈ കുടുംബങ്ങളുടെ പരിതാപകരമായ സ്ഥിതി മനസ്സിലാക്കിയാണ് രണ്ടാം ഘട്ടം പൂർത്തീയാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചത്.  പുതിയ സർക്കാർ അധികാരമേറ്റയുടനെ മുഖ്യമന്ത്രി വി.ഡി സതീശനെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോൾ അടുത്ത ബഡ്ജറ്റിൽ പണം ഉൾക്കൊള്ളിക്കുമെന്ന് ഉറപ്പ് നൽകിയതായി മാണി സി. കാപ്പൻ പറഞ്ഞു. റവന്യൂ മന്ത്രി കെ.പി അനിൽ കുമാർ , പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് എന്നിവരുമായി ചർച്ച നടത്തുകയും വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു. പണി തീരാത്ത വീടായ പാലായുടെ അവസ്ഥയറിഞ്ഞ് അകമഴിഞ്ഞ പിന്തുണയുമായി യു.ഡി.എഫ് സർക്കാർ ഒപ്പം നിൽക്കുന്നതു കൊണ്ട് മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടൻ പൂർത്തീകരിക്കാൻ കഴിയുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പ്രത്യാശ പ്രകടിപ്പിച്ചു.


ഇടതുമുന്നണി സർക്കാർ നിയോജക മണ്ഡലത്തെ പൂർണ്ണമായും അവഗണിച്ചുവെന്ന് മുഖ്യമന്ത്രിക്കും വിവിധ വകുപ്പ് മന്ത്രിമാർക്കും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക പരിഗണന നൽകുന്നത്.  കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച നിരവധി പദ്ധതികളാണ് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ഇടതു സർക്കാർ മന:പൂർവ്വം വൈകിച്ചത്. വേണ്ടത്ര പഠനമൊ മുന്നൊരുക്കമൊ ഇല്ലാതെ  കെ.എം മാണി തുടങ്ങി വെച്ചതും പൂർത്തികരിക്കാൻ കഴിയാത്തതുമായ പദ്ധതികൾക്ക് മുൻഗണന നൽകുമ്പോൾ ചില കടലാസ് സംഘടനകളുടെ പേരിൽ അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും അപവാദ പ്രചരണങ്ങൾ നടത്തുകയുമാണ്. വികസന പ്രവർത്തനങ്ങളിൽ സങ്കുചിത രാഷ്ട്രീയം കലർത്തുന്ന പിന്തിരിപ്പൻ നടപടികളുമായി മുമ്പോട്ടു പോകുന്നവരെ നിലയ്ക്ക് നിർത്താൻ  ഉത്തരവാദിത്തപ്പെട്ടവർ സഹകരിക്കണമെന്ന് മാണി സി കാപ്പൻ അഭ്യർത്ഥിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments