പാലാ ജനറൽ ആശുപത്രി ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാതെ ടാറിങ് അനുവദിക്കില്ല ......
കൈയേറ്റങ്ങൾ നിലനിർത്തി ടാറിങ് നടത്തിയാൽ ശക്തമായ സമരവുമായി ബിജെപി രംഗത്തിറങ്ങുമെന്നും നേതാക്കൾ
പാലാ ജനറൽ ആശുപത്രിയുടെ മുൻവശത്തുകൂടിയുള്ള റോഡിന്റെ ടാറിങ് നടപടികൾ ആരംഭിക്കുന്നതിനു മുന്നോടിയായി ആശുപത്രി ഭൂമി അളന്ന് അതിർത്തി നിർണയിച്ചപ്പോൾ അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ, കൈയേറ്റങ്ങൾ ഒഴിപ്പിച്ചശേഷം മാത്രമേ ടാറിങ് നടപടികളുമായി മുന്നോട്ടുപോകാവൂ എന്ന് ബിജെപി പാലാ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ കലക്ടറുടെ നിർദേശപ്രകാരം നടത്തിയ ഭൂമി അളക്കലിലും അതിർത്തി നിർണയത്തിലും ആശുപത്രിയുടെ സ്ഥലത്ത് ചില അനധികൃത കൈയേറ്റങ്ങൾ കണ്ടെത്തിയതായാണ് വിവരം. ടാറിങ് ആരംഭിക്കുന്നതിന് മുമ്പ് കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന കർശന നിർദേശം ഉദ്യോഗസ്ഥതലത്തിൽ ഉണ്ടായിരുന്നുവെന്നും അറിയുന്നു.
എന്നാൽ, കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ വൈകിപ്പിച്ചശേഷം, കൈയേറ്റങ്ങൾ അതേപടി നിലനിർത്തിക്കൊണ്ട് ടാറിങ് നടത്താൻ നഗരസഭയുടെ ഭാഗത്തുനിന്ന് നീക്കമുണ്ടാകുന്നതായി അറിയുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് ബിജെപി വ്യക്തമാക്കി.
പൊതുമുതൽ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമുള്ള അധികൃതർ തന്നെ അനധികൃത കൈയേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ശക്തമായി ചെറുക്കും.
ആശുപത്രിയുടെ ഭൂമി സംരക്ഷിക്കുകയും നിയമവിരുദ്ധമായ കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്തശേഷം മാത്രമേ ടാറിങ് നടപടികൾ നടത്താവൂ. മറിച്ചുള്ള നടപടികളുമായി മുന്നോട്ടുപോയാൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് അറിയിച്ചു.
ബിജെപി പാലാ മണ്ഡലം സമ്പൂർണ കമ്മിറ്റി യോഗം സംസ്ഥാന ഇന്റലക്ച്വൽ സെൽ കൺവീനർ പ്രൊഫ. ബി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ആശുപത്രി ഭൂമിയിലെ കൈയേറ്റങ്ങൾ സംബന്ധിച്ച വിഷയത്തിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ജില്ലാ ജനറൽ സെക്രട്ടറി എൻ. കെ. ശശികുമാർ, മണ്ഡലം പ്രഭാരി അരുൺ മൂലേടം, സംസ്ഥാന കമ്മിറ്റി അംഗം സെബി പറമുണ്ടത്ത്, രഞ്ജിത് ജി. മീനാഭവൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിനീഷ് ചുണ്ടച്ചേരി, ജില്ലാ സെക്രട്ടറി ജയരാജു, മണ്ഡലം ജനറൽ സെക്രട്ടറി മുരളീധരൻ പി. ആർ., സുരേഷ് ബി. ഏഴാച്ചേരി, സംസ്ഥാന കൗൺസിൽ അംഗം അജി കെ എസ്., മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മഞ്ചേരിൽ, രാജൻ കെ. കെ., സ്മിത വിനോദ്, ശുഭാ സുന്ദർ രാജ് തുടങ്ങിയവർ സംസാരിച്ചു.
70 12 23 03 34






0 Comments