മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങ്; ജോസഫ് ഗ്രൂപ്പിന് പ്രാതിനിധ്യമില്ല; പൊട്ടിത്തെറിച്ച് നേതാക്കൾ


Yes Vartha Exclusive






തമ്പുരാൻ

പാലാ നഗരസഭാ വക മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഉദ്ഘാടനച്ചടങ്ങിൽ  നിന്ന് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗത്തെ ഒഴിവാക്കിയതായി പരാതി. 

നഗരസഭാ കൗൺസിലിൽ ഒരു പ്രതിനിധി പോലുമില്ലാത്ത ബി.ജെ.പി. യുടെയും ജനതാദളിൻ്റേയുമൊക്കെ പ്രതിനിധികളെ ഉദ്ഘാടനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കുകയും നോട്ടീസിൽ പേര് ഉൾപ്പെടുത്തുകയും ചെയ്തപ്പോൾ മൂന്നു കൗൺസിലർമാരുള്ള ജോസഫ് ഗ്രൂപ്പിലെ ഒരു നേതാവിനെപ്പോലും ക്ഷണിക്കുകയോ, നോട്ടീസിൽ പേര് വെയ്ക്കുകയോ ചെയ്യാത്തത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഈ നിലപാടിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ജോസഫ് ഗ്രൂപ്പ് ജില്ലാ - നിയോജക മണ്ഡലം നേതാക്കൾ " യെസ് വാർത്ത " യോടു പറഞ്ഞു. 

"നിയമസഭയിൽ എം. എൽ. എ യുളള പാർട്ടിയാണ് ഞങ്ങൾ.നഗരസഭാധികാരികളുടെ ഈ കളി ഞങ്ങളോടു വേണ്ട. ഇതിന് എങ്ങനെ പ്രതികരിക്കണമെന്ന് ഞങ്ങൾക്ക് അറിയാം" - ഒരു ജില്ലാ നേതാവ് രോഷത്തോടെ പറഞ്ഞു.

ഇന്ന് വൈകിട്ട് ജോസഫ് ഗ്രൂപ്പ് ഒറ്റയ്ക്കും, പിന്നീട് യു.ഡി.എഫുമായും യോഗം ചേരുന്നുണ്ട്.തുടർന്ന് ശക്തമായി പ്രതികരിക്കാനാണ് മുന്നണിയുടെ തീരുമാനം. 

ഉദ്ഘാടനചടങ്ങ് ബഹിഷ്ക്കരിക്കുന്നതിനൊപ്പം സമ്മേളന വിളംബര നോട്ടീസ് പരസ്യമായി കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്താനുമുള്ള നീക്കവുമുണ്ടെന്ന് ഒരു മുതിർന്ന നേതാവ് വെളിപ്പെടുത്തി.







ഇതേ സമയം മുൻ ചെയർമാൻ കുര്യാക്കോസ് പടവനെ സമ്മേളനത്തിൽ ഉൾപ്പെടുത്തിയത് ജോസഫ് ഗ്രൂപ്പ് പ്രതിനിധി ആയിട്ടാണ് എന്നാണ് നഗരഭരണ നേതൃത്വവുമായി ബന്ധപ്പെട്ട ഒരു നേതാവിൻ്റെ വിശദീകരണം.

അങ്ങനെയെങ്കിൽ നോട്ടീസിൽ പടവൻ്റെ പേരിൻ്റെ ബ്രായ്ക്കറ്റിൽ എന്തുകൊണ്ട് അത് ചേർത്തില്ലായെന്ന് ജോസഫ് ഗ്രൂപ്പ് നേതൃത്വം ചോദിക്കുന്നു.' മാത്രമല്ല, നിലവിൽ അമേരിക്കയിലുള്ള കുര്യാക്കോസ് പടവനെ  ഈ പരിപാടിക്കായി ആരും ഇതേ വരെ വിളിച്ചിട്ടില്ലെന്നും, വിളിച്ചാൽത്തന്നെ അദ്ദേഹത്തിനു വരാൻ കഴിയില്ലയെന്നും ജോസഫ് ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.
യശ്ശശ്ശരീനായ കെ. എം. മാണി വിഭാവനം ചെയ്ത് തുടക്കം കുറിച്ച ലോയേഴ്സ് കോംപ്ലക്സിൻ്റെ ഉദ്ഘാടനച്ചടങ്ങിനെച്ചൊല്ലി വിവാദമുണ്ടാക്കാൻ പാടില്ലായിരുന്നു എന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നവരുണ്ട്. മാത്രമല്ല, ജില്ലാ ജഡ്ജിമാർ ഉൾപ്പെടെ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണിതെന്ന ബോധ്യവും എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ട്.

Post a Comment

0 Comments