മാണി ഗ്രൂപ്പിന്റെ പൂഴിക്കടകനില്‍ ഞെട്ടിത്തരിച്ച് സി.പി.എം... അഡ്വ. ബിനു പുളിക്കക്കണ്ടത്തെ തല്‍ക്കാലം നഗരസഭാ ചെയര്‍മാന്‍ ആക്കാന്‍ കഴിയില്ലെന്ന രാഷ്ട്രീയ ചതി കേരളാ കോണ്‍ഗ്രസ് ചെയ്യാന്‍ സാധ്യതയില്ലെന്നും ചില സി.പി.എം. നേതാക്കളുടെ അഭിപ്രായം...

യെസ് വാര്‍ത്ത ബ്രേക്കിംഗ് ന്യൂസ് ഫോളോ അപ്പ്




സുനില്‍ പാലാ

പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം തല്‍ക്കാലം അഡ്വ. ബിനു പുളിക്കക്കണ്ടത്തിന് കൊടുക്കാന്‍ കഴിയില്ലെന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനത്തെക്കുറിച്ചറിഞ്ഞ് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് പാലായിലെ സി.പി.എം. അണികളും നേതാക്കളും.
 
 
ഇങ്ങനെയൊരു രാഷ്ട്രീയ ചതി ഒരു കാരണവശാലും കേരളാ കോണ്‍ഗ്രസ് ചെയ്യില്ലെന്നാണ് പാലായിലെ സി.പി.എം. നേതാക്കളുടെ പ്രതീക്ഷ. യെസ് വാര്‍ത്ത എക്‌സ്‌ക്ലൂസീവ് ആയി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ ചില സി.പി.എം. അംഗങ്ങളുടെ രൂക്ഷമായ പ്രതികരണവും വന്നുകഴിഞ്ഞു; 
 
''ഈ തീരുമാനം ഒരിക്കലും പാലായിലുള്ള സി.പി.എം. പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല... ഉത്തരത്തിലിരിക്കുന്ന പല്ലിയുടെ മനോഭാവം കേരളാ കോണ്‍ഗ്രസുകാര്‍ക്ക് നല്ലതല്ല... ഏത് കമ്മ്യൂണിസ്റ്റാണോ ശത്രുക്കളാല്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നത്, അയാളായിരിക്കും ഉത്തമകമ്മ്യൂണിസ്റ്റ്, അത് സ്റ്റാലിന്‍ ആയാലും പിണറായി ആയാലും ബിനു പുളിക്കക്കണ്ടം ആയാലും ഒരുപോലെയാണ്...... നിറംപിടിപ്പിച്ച നുണകള്‍ക്കും മോശം ബിംബവല്‍ക്കരണങ്ങള്‍ക്കും ഒരു പഞ്ഞവും കാണില്ല...'' തുടങ്ങിയ രീതിയിലാണ് അണികളുടെ പ്രതികരണങ്ങള്‍ വരുന്നത്.

അഡ്വ. ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ ആക്കാന്‍ സമ്മതിക്കില്ലെന്ന യെസ് വാര്‍ത്ത റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തമ്മില്‍ നിരന്തരമുള്ള ചര്‍ച്ചയ്ക്കും ആകാംക്ഷയ്ക്കും വഴിവച്ചിരിക്കുകയാണ്.

ലോക്‌സഭ മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളുടെ കളമൊരുക്കല്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തല്‍ കേരളാ കോണ്‍ഗ്രസും - സി.പി.എമ്മും കൂടുതല്‍ യോജിച്ച് പോകേണ്ട അവസരത്തില്‍ ഇങ്ങനെയൊരു നീക്കം മാണി ഗ്രൂപ്പില്‍ നിന്നും ഉണ്ടാകാന്‍ വഴിയില്ല എന്നാണ് ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികളുടെയും അഭിപ്രായം.


പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം വീതംവയ്ക്കുന്നതിനെ സംബന്ധിച്ച് കൃത്യമായി എഗ്രിമെന്റ് നിലവിലുണ്ടെന്ന് മാണി ഗ്രൂപ്പ് ഒഴികെയുള്ള ഘടകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ എഗ്രിമെന്റിന്‍ പ്രകാരം നിലവിലെ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ കാലാവധി ഡിസംബറില്‍ തീരുകയാണ്. തുടര്‍ന്ന് ഒരു വര്‍ഷം സി.പി.എമ്മിനാണ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കേണ്ടത്. ഈ പദവിയിലേക്ക് അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ പേരാണ് പറഞ്ഞുകേട്ടിരുന്നതും.

അതേ സമയം സി.പി.എം. സ്വതന്ത്രയായ മറ്റൊരു വനിതാ കൗണ്‍സിലര്‍ കഴിഞ്ഞ കുറെ നാളുകളായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവുമായി ഏറെ അടുപ്പത്തിലായിരുന്നു. ഇവരും ചെയര്‍മാന്‍ സ്ഥാനം പ്രതീക്ഷിക്കുകയും ഇതിന് മാണി ഗ്രൂപ്പിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായിരുന്നു.

എഗ്രിമെന്റ് മറികടന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം തന്നെ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുകയാണെങ്കിലും ആന്റോ ജോസ് ഈ പദവിയില്‍ തുടര്‍ന്നേക്കില്ല. പകരം സീനിയര്‍ കൗണ്‍സിലറായ ഷാജു തുരുത്തനോ അല്ലെങ്കില്‍ തോമസ് പീറ്ററിനോ നറുക്ക് വീഴാനാണ് സാധ്യത. ഇക്കാര്യത്തില്‍ പക്ഷേ അന്തിമ തീരുമാനങ്ങളൊന്നും ആയിട്ടില്ല.









അഡ്വ. ബിനുവിനെ തഴയുമ്പോള്‍ എന്തുസംഭവിക്കുമെന്ന് കാത്തിരുന്ന് കാണുകയാണ് മാണിഗ്രൂപ്പ് നേതൃത്വം. ഇതിന്റെ അലയൊലികള്‍ ഒന്നടങ്ങിയശേഷമേ തങ്ങളുടെ ഭാഗത്തുനിന്ന് അടുത്ത ചെയര്‍മാന്‍ ആരാകണമെന്നുള്ള അന്തിമ തീരുമാനം മാണി ഗ്രൂപ്പ് സ്വീകരിക്കുകയുള്ളൂ.

സി.പി.എം. ഉന്നത നേതാക്കള്‍ ഇടപെട്ട വിഷയമായതിനാല്‍ പരസ്യമായ അഭിപ്രായ പ്രകടനത്തിന് പാലായിലെ സി.പി.എം. നേതാക്കള്‍ തയ്യാറാകില്ല. തങ്ങളുടെ വ്യക്തമായ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെ മാത്രമേ വെളിപ്പെടുത്തൂവെന്ന് പാലായിലെ ഒരു ഉന്നത സി.പി.എം. നേതാവ് യെസ് വാര്‍ത്തയോട് പറഞ്ഞു.

ഇതേസമയം ബിനുവിനെ ഒഴിവാക്കുന്ന സ്ഥാനത്തേക്ക് സി.പി.എം. സ്വതന്ത്രയായി ജയിച്ച വനിതാ കൗണ്‍സിലര്‍ ചെയര്‍പേഴ്‌സണാകാന്‍ അരയുംതലയും മുറുക്കി രംഗത്തുണ്ട്. ഇത് പക്ഷേ വിജയിക്കാനുള്ള സാധ്യത കുറവാണ്. 
 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments