സുനില്‍ പാലാ
പാലാ ജനറല്‍ ആശുപത്രിയില്‍ ദിവസങ്ങളായി ഡോക്ടറെ കാണാന്‍ രോഗികളുടെ നീണ്ട ക്യൂവാണ്. ശരാശരി ആയിരത്തോളം രോഗികള്‍ ദിവസവും ഇവിടെ ഒ.പി.യില്‍ ഡോക്ടറെ കാണാന്‍ എത്തുന്നുണ്ട്. എന്നാല്‍ ചീട്ടെടുക്കുക എന്നുള്ളത് മല്ലുപിടിച്ച കാര്യമാണ്. മണിക്കൂറുകളോളം ക്യൂ നിന്നാലും ചീട്ടെടുക്കാന്‍ കഴിയാറില്ല. ആകെപ്പാടെ രണ്ട് ജീവനക്കാരാണ് ചീട്ട് എഴുതാന്‍ ഇരിക്കുന്നത്. ആയിരത്തോളം പേര്‍ക്ക് ചീട്ട് കുറിക്കുമ്പോഴേക്കും ഇവരും വശംകെടും. പിന്നെ അങ്ങോട്ടുമിങ്ങോട്ടും പറച്ചിലായി... ചൂടാകലായി...
രോഗവുമായാണ് ആളുകള്‍ ചികിത്സ തേടി എത്തുന്നതെന്നുള്ള ഒരു പരിഗണനപോലും അധികാരികള്‍ കൊടുത്തേ തീരൂ. വൃദ്ധരും കൊച്ചുകുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ആകെ വലഞ്ഞുവരുന്നവര്‍ക്ക് ചീട്ടെടുക്കാനായി മണിക്കൂറുകളോളമുള്ള കാത്തിരിപ്പ് സഹിക്കാന്‍ വയ്യ. നിന്ന് വലഞ്ഞ് മടുത്ത പലരും നിലത്ത് കുത്തിയിരുന്നും മറ്റുമാണ് സമയം തള്ളിനീക്കുന്നത്.
പലരും അവശരായാണ് വരുന്നത്. തിരക്കേറിയ സമയങ്ങളിലെങ്കിലും ചീട്ടെഴുതാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ അധികാരികള്‍ സത്വര നടപടി സ്വീകരിച്ചേ പറ്റൂ.
ഇന്ന് രാവിലെ 9 മണിയോടെ ആശുപത്രിയിലെത്തിയിട്ടും ഈ വാര്‍ത്ത കുറക്കുന്ന പത്തരവരെ ചീട്ടെടുക്കാന്‍പോലും കഴിയാതെ വലഞ്ഞ ഒരു രോഗിയുടെ അഭിപ്രായം നമുക്ക് കേള്‍ക്കാം.
പാവപ്പെട്ട രോഗികളെ ഇങ്ങനെ കഷ്ടപ്പെടുത്തരുത്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ ഇവരുടെ വേദന മനസ്സിലാക്കിയേപറ്റു.



0 Comments