തിരുവോണത്തെ വരവേല്‍ക്കാന്‍ പാലാ നഗരസഭാ വനിതാ കൗണ്‍സിലര്‍ വക ജമന്തിപൂക്കള്‍. നഗരസഭാ 25-ാം വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണുമായ മായ പ്രദീപിന്റെ തൊടിയിലാണ് മഞ്ഞവസന്തമായി ജമന്തിപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നത്. ഇത്തവണത്തെ ഓണത്തിന് പല സംഘടനകള്‍ക്കും ഓണപ്പൂവിടാന്‍ ജമന്തിപ്പൂക്കള്‍ നല്‍കുന്നത് ഇവിടെ നിന്നാണ്.
നെല്ലിയാനിയിലെ ഒന്‍പത് സെന്റ് സ്ഥലത്താണ് മായയും സുഹൃത്തുക്കളായ മിനി രവിയും രഞ്ജു റോയിയും ചേര്‍ന്ന് ജമന്തിതൈകള്‍ നട്ടത്. 500-ഓളം തൈകള്‍ നട്ടതില്‍ ബഹുഭൂരിപക്ഷവും മനോഹരമായി പൂവിട്ടുകഴിഞ്ഞു. ഒരു തൈ അഞ്ച് രൂപാ നിരക്കില്‍ വാങ്ങിയാണ് മായയും സുഹൃത്തുക്കളും പൂകൃഷി ആരംഭിച്ചത്.
''എല്ലാവരും വീട്ടുമുറ്റത്തും പരിസരത്തും മനോഹരമായ ചെടികള്‍ വച്ച് പരിപാലിക്കുന്നത് കണ്ടപ്പോള്‍ വീട്ടുമുറ്റത്തെന്തുകൊണ്ട് ജമന്തിപ്പൂകൃഷി ആരംഭിച്ചുകൂടായെന്ന് ഞാന്‍ ചിന്തിച്ചു. സുഹൃത്തുക്കളായ മിനിയും രഞ്ജുവുമായി ഈ ആശയം പങ്കുവച്ചു. കുടുംബശ്രീയുടെ സഹായവും കിട്ടി. അങ്ങനെയാണ് ജമന്തിപ്പൂ കൃഷിയിലേക്ക് തിരിഞ്ഞത്'' - മായാ പ്രദീപ് ''കേരള കൗമുദി''-യോട് പറഞ്ഞു.
മായാ പ്രദീപിന്റെ ജമന്തിപ്പൂകൃഷിയെക്കുറിച്ച് അറിഞ്ഞ് പലരും പൂവിനായി വിളിക്കുന്നുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും കൊടുക്കാന്‍ തികയുകയുമില്ല. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മാത്രമാകും പൂക്കള്‍ വില്‍ക്കുകയെന്ന് മായയും സുഹൃത്തുക്കളും പറയുന്നു.
ഇന്ന് ജമന്തിപ്പൂന്തോട്ടത്തിലെ ആദ്യവിളവെടുപ്പ് നടന്നു. പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ മറ്റ് കൗണ്‍സിലര്‍മാര്‍ക്കൊപ്പമെത്തിയാണ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷാജു തുരുത്തന്‍, സാവിയോ കാവുകാട്ട്, സി.ഡി.എസ്. പ്രസിഡന്റ് ശ്രീകല, കൗണ്‍സിലര്‍മാരായ ബിജി ജോജോ, നീന ചെറുവള്ളി, ബൈജു കൊല്ലംപറമ്പില്‍, മുന്‍കൗണ്‍സിലര്‍ ബിജു പാലുപടവില്‍ തുടങ്ങിയവരും വിളവെടുപ്പുത്സവത്തിന് എത്തിയിരുന്നു. മായയുടെ ജമന്തിപ്പൂ കൃഷിക്ക് ഭര്‍ത്താവ് പ്രദീപും മക്കളായ അരവിന്ദും അശ്വതിയും പൂര്‍ണ്ണ പിന്തുണയേകുന്നു.




0 Comments