നാളത്തെ പവിത്രമായ ശിവരാത്രി സന്ധ്യയില്‍ പുണ്യപ്രസിദ്ധമായ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയില്‍ പ്രസിദ്ധ നര്‍ത്തകി ഹെലന്‍ ആന്‍ഡ്രു ചിലങ്കയണിഞ്ഞ് കയറുന്നത് 7001-ാമത്തെ വേദിയിലേക്കാണ്.
ഇവിടെ ശിവസ്തുതിയുടെ നര്‍ത്തനമാടുമ്പോള്‍ ഹെലന്റെ മനസ്സില്‍ 37 വര്‍ഷം മുമ്പ് ആദ്യമായി ചിലങ്കയണിഞ്ഞതിന്റെ ഓര്‍മ്മമുദ്രകള്‍ വിരിയുമെന്ന് ഉറപ്പാണ്. കൊടുമ്പിടി കവലവഴിക്കല്‍ റിട്ട. ഹെഡ്മാസ്റ്റര്‍ കെ.ജെ. മാത്യു - അന്നമ്മ ദമ്പതികളുടെ അഞ്ചുമക്കളില്‍ മൂന്നാമത്തെയാളായ ഹെലന്‍ നാലാം വയസ്സിലാണ് ആദ്യം ചിലങ്കയണിയുന്നത്. പിന്നീട് എത്രയോ വേദികള്‍... എത്രയോ കലോത്സവങ്ങള്‍... എത്രയോ പുരസ്‌കാരങ്ങള്‍... കവലവഴിക്കല്‍ വീടിന്റെ പൂമുഖത്തെ ചില്ലലമാരി നിറയെ ഹെലന്റെ നൃത്തബഹുമതികളാണ് നിരന്നിരുന്നത്.
.jpeg)
നാലാമത്തെ വയസ്സില്‍ എന്‍.കെ. സാഗര്‍ എന്ന അദ്ധ്യാപകനില്‍ നിന്നാരംഭിച്ച നൃത്തപഠനം പിന്നീട് തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജില്‍ വരെയെത്തി. അവിടെ നിന്നും ഭരതനാട്യം, സംഗീതം പിന്നീട് പ്രശ്‌സതനായിരുന്ന കുടമാളൂര്‍ കരുണാകരന്റെ കീഴില്‍ കഥകളി, പിന്നീട് മോഹിനിയാട്ടം, കുച്ചുപ്പുടി, വിവിധ ഭാഷകളിലെ ഇന്ത്യന്‍ ഫോക്ക്ഡാന്‍സ് തുടങ്ങി ഹെലന്‍ കെട്ടാത്ത വേഷങ്ങളില്ല... നര്‍ത്തനമാടാത്ത വേദികളില്ല.
ആര്‍.എല്‍.വി. പഠനത്തിന് ശേഷം നേരെ ഊട്ടിയിലേക്ക്. അവിടുത്തെ ഏറ്റവും പ്രശസ്തമായ ലവുഡേല്‍ ലോറന്‍സ് സ്‌കൂളില്‍ ഏറെക്കാലം നൃത്താദ്ധ്യാപികയായിരുന്നു. അവിടെവെച്ച് കലാകാരനായ ആന്‍ഡ്രുവിനെ പരിചയപ്പെട്ടതോടെ കലാവഴികളില്‍ ഇരട്ടി ഊര്‍ജ്ജമായി. ആന്‍ഡ്രുവും ഹെലനും ഒന്നിച്ചു. പിന്നീട് ഊട്ടി വെല്ലിംഗ്ടണ്‍ ആര്‍മി സ്‌കൂളില്‍ നൃത്താദ്ധ്യാപികയായി. ആന്‍ഡ്രു ഇംഗ്ലീഷ് അദ്ധ്യാപനത്തിനൊപ്പം കീബോര്‍ഡ് ആര്‍ട്ടിസ്റ്റും കോംഗോഡ്രമ്മറും വയലിനിസ്റ്റുമൊക്കെയായിരുന്നു.
2000-ല്‍ ഊട്ടിയില്‍ മയൂര സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്ഥാപനമാരംഭിച്ച ഹെലന്‍ ആന്‍ഡ്രു കഴിഞ്ഞ 22 വര്‍ഷത്തിനിടെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് നൃത്തപാഠം പകര്‍ന്നുകൊടുത്തു. 2018 ല്‍ നീലഗിരി ബെസ്റ്റ് ഡാന്‍സ് സ്‌കൂള്‍ അവാര്‍ഡ് മയൂരയ്ക്ക് ലഭിച്ചു. ഇതിനിടെ 1980 ല്‍ കേരള ഗവ. സ്‌കോളര്‍ഷിപ്പില്‍ കേരള കലാമണ്ഡലത്തില്‍ കഥകളി പഠിച്ച ഹെലന്‍ കഥകളിയുടെ വേദിയിലും ശ്രദ്ധേയയായി.
ഏക മകള്‍ ഡയാന റേച്ചല്‍ എം.എ. ബി.എഡ് ബിരുദത്തിനൊപ്പം ഭരതനാട്യവും അഭ്യസിച്ചു. ചിദംബരം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭരതനാട്യം 6 ഗ്രേഡും പാസായി. മരുമകന്‍ വില്‍ഫ്രഡ് അബുദാബി ബ്രിട്ടീഷ് സ്‌കൂളില്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറാണ്.
നീണ്ട 37 വര്‍ഷത്തെ ഊട്ടിവാസം കഴിഞ്ഞതിനുശേഷം കൊടുമ്പിടി എന്ന ജന്‍മ നാട്ടിലേക്ക് കഴിഞ്ഞ വര്‍ഷം മടങ്ങിവന്ന ഹെലന്‍ ഇവിടെയും ഡാന്‍സ് സ്‌കൂള്‍ ആരംഭിച്ചു കഴിഞ്ഞു. 59-ാം വയസ്സിലും നൃത്തത്തോടുള്ള പ്രണയത്തിന് ഒരു കുറവുമില്ല. എല്ലാറ്റിനും പിന്തുണയുമായി ഭര്‍ത്താവ് ആന്‍ഡ്രു ജോസഫും ഒപ്പമുണ്ട്. കൊടുമ്പിടിയിലെ വീടിനോട് ചേര്‍ന്നുതന്നെയാണ് നൃത്തവിദ്യാലയം പ്രവര്‍ത്തിക്കുന്നത്.
.jpeg)
.jpeg)
.jpeg)


0 Comments