പാലായിലെ ആദ്യകാല പത്രപ്രവര്‍ത്തകന്‍ ജോണ്‍ ഗീ (ഗീയാച്ചന്‍ - 82) കാനഡയില്‍ നിര്യാതനായി.... ഓര്‍മ്മയായത് പാലായുടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം.



സുനില്‍ പാലാ


ആദ്യകാല പത്രപ്രവര്‍ത്തകനും 44 വര്‍ഷക്കാലം ദീപികയുടെ ലേഖകനുമായിരുന്ന പാലാ മുത്തോലി കുന്നുംപുറം ജോണ്‍ ഗീ (ഗീയാച്ചന്‍ -82) കാനഡായില്‍ അന്തരിച്ചു. 

സംസ്‌കാരം പിന്നീട്. ഭാര്യ: എല്‍സമ്മ ജോണ്‍ഗീ മറ്റക്കര തേക്കനാടിയില്‍ കുടുംബാംഗം. മക്കള്‍: അനിമോള്‍ (ആനി), ജോണിമോന്‍ (ജോണ്‍), കൊച്ചുമോള്‍ (റ്റീന). മരുമക്കള്‍ : ബിജു മാത്യൂസ് ഗണപതിപ്ലാക്കല്‍, സിനി ജോര്‍ജ് കണ്ടങ്കേരി, ബോബി ജെയിംസ് മുക്കാടന്‍.



വ്യക്തിപരമായി പറഞ്ഞാല്‍ 30 വര്‍ഷം മുമ്പ് ഞാന്‍ മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് പാലായിലെ പത്രപ്രവര്‍ത്തകരുടെ തലതൊട്ടപ്പനായിരുന്നു ഗീയാച്ചന്‍. എന്തിനും ഏതിനും സമീപിക്കാവുന്ന മൂത്ത ജ്യേഷ്ഠ സഹോദരൻ. അന്ന് വളരെ ചെറുപ്പമായിരുന്ന ഞങ്ങള്‍ക്കൊക്കെ എല്ലാവിധ സഹായവും നല്‍കിയത് ഗീയാച്ചനായിരുന്നു. വാര്‍ത്താസംബന്ധമായ ഫോട്ടോകളോ വിശദാംശങ്ങളോ എന്തും കൈമാറാന്‍ ഗീയാച്ചന്‍ തയ്യാറായിരുന്നു. അന്ന് പത്രപ്രവര്‍ത്തരംഗത്തെ തുടക്കക്കാരായ എന്നെയും മംഗളത്തിലെ സ്റ്റീഫന്‍ അരീക്കരയെയും ജി. അരുണിനെയുമൊക്കെ വാര്‍ത്തകളുടെ കാര്യത്തില്‍ ഗീയാച്ചന്‍ ഒരുപാട് സഹായിച്ചിരുന്നുവെന്നതും നന്ദിയോടെ ഈ അവസരത്തില്‍ ഓര്‍മ്മിക്കുകയാണ്.

പാലായുടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന ജോണ്‍ ഗീ കുന്നുംപുറമാണ് ഇന്ന് ഓര്‍മ്മയായത്.

ദീപിക ദിനപ്പത്രത്തിന്റെ ലേഖകനായി അദ്ദേഹം 44 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. ഒരു പക്ഷെ പാലാക്കാരുടെ വായനാശീലത്തിന്റെ തുടക്കവും അദ്ദേഹത്തിന്റെ നിന്നാണെന്ന് പറയാം. ദീപിക ദിനപ്പത്രത്തിന് കോട്ടയം ജില്ലയില്‍ അടിവേരുകള്‍ പാകിയതും ജോണ്‍ഗീയുടെ പ്രവര്‍ത്തനങ്ങളാണ്.

ഇന്നത്തെ പോലെ ഒരു ഫോണ്‍ ദൂരത്തില്‍ വാര്‍ത്തകള്‍ ലഭ്യമാകാത്ത കാലം. അപകടങ്ങളോ പ്രത്യേക സംഭവങ്ങളോ ഉണ്ടായാല്‍ കിലോമീറ്ററുകള്‍ വാഹനങ്ങളിലും, കാല്‍ നടയായും യാത്ര ചെയ്ത് റിപ്പോര്‍ട്ട് ചെയ്തിരുന്ന കാലത്ത് നിരവധി വായനക്കാരെ വാര്‍ത്തകള്‍ കൊണ്ട് തൃപ്തിപ്പെടുത്താന്‍ ജോണ്‍ ഗീ കുന്നുംപുറത്തിനായി. വായനക്കാരും, പരിചയക്കാരും സുഹൃത്തുകളും അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ''ഗീയാച്ചന്‍'' എന്ന് വിളിച്ചു. 

നിരവധി സാംസ്‌കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഗീയാച്ചനായി. ദീപിക ചില്‍ഡ്രന്‍സ് ലീഗിന്റെ ദീര്‍ഘകാല പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു. വ്യവസായ പ്രമുഖരായിരുന്ന മണര്‍കാട് കുടുംബവുമായി അടുത്ത ബന്ധമായിരുന്നു ഗീയാച്ചനുണ്ടായിരുന്നത്. ദീപികയുമായി  മണര്‍കാട്ടുകാരുടെ ബന്ധങ്ങള്‍ക്ക്  തുടക്കം കുറിച്ചതും ഗീയാച്ചനായിരുന്നു.

പാലാ  നെല്ലിയാനിയിലുള്ള ലയണ്‍സ് ക്ലബിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് കാരണമായതും  ഗീയാച്ചനായിരുന്നു. പിന്നീട് ലയണ്‍സ് ക്ലബിന്റെ പ്രസിഡന്റുമായി. ക്ലബിന്റെ നിരവധിയായ ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിച്ചും ഗീയാച്ചന്റെ ഭരണത്തിന്‍ കീഴിലാണ്.

കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പിന് മുമ്പ് പാര്‍ട്ടിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിരുന്ന വ്യക്തികളിലൊരായിരുന്നു ഗീയാച്ചന്‍. പാര്‍ട്ടിയില്‍ ഒരു പദവി പോലും വഹിച്ചിരുന്നില്ലെങ്കിലും ഗീയാച്ചന്റെ വാക്കുകളായിരുന്നു അന്ന് കേരള കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനങ്ങളായിരുന്നത്. പാലാ വടയാറ്റ് ജൂവലറിയുടെ മുകളിലും, അതിനും മുമ്പ് ഇന്നത്തെ തൃപ്തി കടയ്ക്ക് മുകളിലും പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളിലാണ് കേരളാ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ പല തീരുമാനങ്ങും ഉടലെടുത്തിരുന്നത്. പി.സി. ചാക്കോ, കെ.എം.ചാണ്ടി, കെ.എം. ജോര്‍ജ്, കെ.എം. മാണി, എം.എം. ജേക്കബ്, എം.എ. ജോണ്‍, പി.സി.ജോര്‍ജ് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കള്‍ ഗീയാച്ചന്റെ അടുത്ത സുഹൃത്തുക്കളും ദീപിക ഓഫീസിലെ സന്ദര്‍ശകരുമായിരുന്നു.

കാല്‍ നൂറ്റാണ്ടുമുമ്പ് പത്രപ്രവത്തനവും പൊതു പ്രവര്‍ത്തനവും മതിയാക്കി കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറ്റുകയായിരുന്നു. പ്രിയപ്പെട്ട ഗീയാച്ചൻ ചേട്ടാ വിട....





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments