അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയത് കോട്ടയം പാലാ സ്വദേശിയും പ്രവാസിയുമായ അഡ്വ. സുഭാഷ് മാനുവലിന്റെ സഹായത്തോടെ.
സുഭാഷിന്റെ സാങ്കേതിക പരിജ്ഞാനമാണ് പൊലീസിന് തുണയായത്. യുവ സംരംഭകനായ സുഭാഷിന്റെ ലണ്ടന്‍ നോര്‍ത്താംപ്ടനിലുള്ള വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബിഎംഡബ്ല്യു സ്പെഷ്യല്‍ എഡിഷന്‍ 7 സീരീസ് മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര മോഷണ സംഘത്തെ പൊലീസ് സുഭാഷിന്റെ സഹായത്തോടെ പിടികൂടിയത്. ആപ്പിള്‍ എയര്‍ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സുഭാഷ് ഐഫോണിലൂടെ കാര്‍ ട്രാക്ക് ചെയ്തതാണ് പൊലീസിന് പ്രതികളെ പിടികൂടാന്‍ തുണയായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
റിമോര്‍ട്ടില്‍ ഓടുന്ന കാര്‍ ബില്‍ഡ് യുവര്‍ ബിഎംഡബ്ല്യൂ എന്ന ഓപ്ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ് ചെയ്ത് നിര്‍മ്മിച്ചതായിരുന്നു. ഇത്തരത്തിലുള്ള എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിര്‍വീര്യമാക്കിയാണ് മോഷ്ടാക്കള്‍ കാര്‍ കടത്താന്‍ ശ്രമിച്ചത്. സംഭവ ദിവസം രാവിലെ മോഷ്ടാക്കളായ മൂന്ന് പേര്‍ ഇദ്ദേഹത്തിന്റെ വീടിന്റെ മുമ്പിലൂടെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ വീട്ടിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോര്‍ ബെല്‍ ക്യാമറകള്‍ ഉള്‍പ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവര്‍ത്തന രഹിതമാക്കിയ ശേഷമായിരുന്നു മോഷണ ശ്രമം.
കാറിനുള്ളില്‍ കമ്പനി ഘടിപ്പിച്ചിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമാക്കിയത് പൊലീസിനെയും ആശങ്കപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സുഭാഷ് കേരളത്തില്‍ നിന്ന് തിരിച്ച് യുകെയിലെത്തിയത്. എയര്‍ പോര്‍ട്ടില്‍ നിന്ന് യൂബര്‍ ടാക്സിയിലാണ് സുഭാഷ് നോര്‍ത്താംടണില്‍ എത്തിയത്. യൂബര്‍ ഡ്രൈവറിന്റെ പെരുമാറ്റം സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ് പറയുന്നു. മോഷ്ടിച്ച ഉടന്‍ വാഹനം ഹണ്ടിങ്ടണിലെ ടി സി ഹാരിസണ്‍ എന്ന ഗാരേജിലെത്തിച്ചു. മോഷണശേഷം വഴിയില്‍ വച്ച് ഒരു ട്രക്കില്‍ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കള്‍ കാര്‍ ഗാരേജില്‍ എത്തിച്ചത് എന്നാണ് പൊലീസ് നിഗമനം.
അവിടെ നിന്ന് മോഷ്ടാക്കള്‍ കാര്‍ കേംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടണ്‍ റോഡിലുള്ള റിവര്‍ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിലേക്ക് മാറ്റി. തുടര്‍ന്ന് കടല്‍മാര്‍ഗം കാര്‍ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം.
ഹണ്ടിങ്ടണില്‍ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാര്‍ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനില്‍ ലൈവായി പൊലീസിനെ വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കേംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പൊലീസ് ഉള്‍പ്പെടെ എത്തി ഗോഡൗണ്‍ ഉടമ ഉള്‍പ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. പരിശോധനയില്‍ പൊലീസ് കണ്ടത് ഇതുപോലെ മോഷ്ടിക്കപ്പെട്ട അനേകം കാറുകള്‍ പൊളിച്ചു കടത്താന്‍ വച്ചിരിക്കുന്ന കാഴ്ച്ചയാണ്. പൊലീസ് നല്‍കിയ വിവരം അനുസരിച്ച് കാറുകള്‍ മോഷ്ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓര്‍ഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു ഈ മോഷ്ടാക്കള്‍. ഇവരെ പിടികൂടാന്‍ സഹായിച്ചതിന് പൊലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രുപ്പിന്റെ എല്ലാ കണ്ണികളിലേക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പാലാ മാറാമറ്റം വീട്ടില്‍ മാനുവല്‍ ജോസഫിന്റെയും ഫിലോമിന മാനുവലിന്റെയും മകനാണ് സുഭാഷ്.



0 Comments