'എന്റെ ഇളപൊഴുതിലമ്മേ ഇവിടെ നില്‍ക്കുന്ന ഭക്തരുടെ ഗുണദോഷ വിചാരങ്ങള്‍ പറഞ്ഞു പോരണേ... ശനിദുരിതങ്ങള്‍... കുടുംബപ്രാരാബ്ദങ്ങള്‍... പിതൃസര്‍പ്പദോഷങ്ങള്‍ തീര്‍ക്കണേ... കാക്കണേ...' കുംഭമാസത്തിലെ പകല്‍ ചൂടില്‍ മരുത്വാന്‍മാര്‍ (വെളിച്ചപ്പാടുകള്‍) ഉറഞ്ഞുതുള്ളി. വനദുര്‍ഗയുടെ കല്‍പ്പനകള്‍ കേട്ട ജനമനസുകളില്‍ ഭക്തിയുടെ ലഹരി. ആചാരാനുഷ്ഠാനങ്ങളുടെ വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായ നെച്ചിപ്പുഴൂര്‍ ഇളപൊഴുതുകാവില്‍ നടന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ ജാതിമത ഭേദമന്യേ നൂറുകണക്കിന് ഭക്തരാണ് എത്തിയത്.
അടുത്ത ഒരാണ്ടത്തെ ഭാവി ഫലങ്ങള്‍ പറഞ്ഞ ഉച്ചകല്പ്പന... കാര്‍ഷിക സമൃദ്ധിക്കും പ്രകൃതിയുടെ അനുഗ്രഹത്തിനും വേണ്ടി കാളപ്പതിയിലെ തേങ്ങാ ഉടയ്ക്കല്‍ വഴിപാട്... ഇതെല്ലാം ഇളപൊഴുതില്‍ അമ്മയ്ക്ക് മുന്നിലെ അത്യപൂര്‍വ്വ അനുഷ്ഠാന മുഹൂര്‍ത്തങ്ങള്‍.
ആണ്ടില്‍ മാസപൂജകളെല്ലാം ബ്രാഹ്മണരുടെ കാര്‍മ്മികത്വത്തില്‍.... പ്രധാന ഉത്സവനാളിലെ പൂജ ദളിത് വിഭാഗക്കാര്‍ക്ക്! പാലാ നെച്ചിപ്പുഴൂരിലാണ് ഈ അത്യപൂര്‍വ്വ അനുഷ്ഠാനങ്ങളുള്ള ആരാധനാലായം.
ക്ഷേത്രത്തിന്റെ മേല്‍ക്കോയ്മാ സ്ഥാനമുള്ള വെള്ളേപ്പിള്ളില്‍ കൈമള്‍ തറവാട്ടില്‍ പുകയില സമര്‍പ്പിച്ച് അനുവാദം ചോദിക്കുന്നതോടെയാണ് ദളിതരുടെ നേതൃത്വത്തിലുള്ള ഉത്സവത്തിനും പൂജകള്‍ക്കും ഇളപൊഴുതുകാവില്‍ തുടക്കമാകുന്നത്. നെച്ചിപ്പുഴൂര്‍ ഗ്രാമത്തിന്റെ നടുക്ക് ഒരേക്കറോളം വനത്തിനുള്ളിലാണ് ''പതി'' എന്നറിയപ്പെടുന്ന വനദുര്‍ഗ്ഗാക്ഷേത്രം സ്ഥിതിചെയ്യന്നത്. ഇളപൊഴുതിലമ്മ വലിയൊരു വിഭാഗം വിശ്വാസികള്‍ക്ക് കണ്‍കണ്ട ദൈവമാണ്. പരാധീനതകളും പ്രാരാബ്ദങ്ങളും ഏറ്റുപറഞ്ഞാല്‍ അച്ചട്ടായ അനുഭവങ്ങള്‍ ഉണ്ടെന്നാണ് ഭക്തരുടെ അനുഭവസാക്ഷ്യം.
കാട്ടിനുള്ളില്‍ വാഴുന്ന വനദേവത ശക്തി സ്വരൂപിണിയാണെന്നാണ് ജ്യോതിഷ മതവും. മരുത്വാന്‍മാര്‍ എന്നറിയപ്പെടുന്ന വെളിച്ചപ്പാടുകളുടെ നേതൃത്വത്തിലാണ് ഉത്സവച്ചടങ്ങുകള്‍. വ്രതമെടുത്ത മരത്വാന്‍മാര്‍ ആദ്യം ''പതിയുണര്‍ത്തും.''
ഇന്നലെ മുടി വിളക്ക് വഴിപാടിനും അന്നദാനത്തിനും ശേഷം ആറാട്ട് നടന്നു. ഉച്ചതിരിഞ്ഞ് ആറാട്ടെതിരേല്‍പ്പ്, കാളപ്പതിയില്‍ തേങ്ങ ഉടയ്ക്കല്‍, അരിയേറ് വഴിപാട് എന്നിവയോടെയാണ് ഇളപൊഴുതിലമ്മയുടെ ഉത്സവം സമാപിച്ചത്.
ജാതിമത ഭേദങ്ങളുടെ നാലമ്പലം കടന്ന്...
ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിയിരുന്ന നൂറ്റാണ്ടുകള്‍ക്ക് മുമ്പും ജാതിമത ഭേദങ്ങളുടെ നാലമ്പലം കടന്ന് മനുഷ്യനും മനുഷ്യനും പിന്നെ ദേവിയും ഒന്നാകുന്ന പുണ്യഭൂമിയായിരുന്നു നെച്ചിപ്പുഴൂര്‍. ബ്രാഹ്മണനും ദളിത് വിഭാഗക്കാരനും ഒരേ പോലെ പൂജ ചെയ്യുന്നതാണ് ഇവിടത്തെ വനദേവതയുടെ വരപ്രസാദം, അഭീഷ്ടവും.
.jpeg)


0 Comments