സുനില്‍ പാലാ
വെറുതേ കിടന്ന് തുരുമ്പിക്കുന്ന അഞ്ച് കോടിയുടെ ടൂറിസം അമിനിറ്റി സെന്റര്‍ ഇനിയെങ്കിലും പാലാ നഗരസഭയ്ക്ക് വിട്ടുതരൂ അധികാരികളേ... സര്‍ക്കാരിന് മുന്നില്‍ അപേക്ഷിക്കുകയാണ് പാലാ നഗരസഭാ കൗണ്‍സില്‍ യോഗം.
ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പിലാണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
പാലാ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് പ്രൊജക്ടിന്റെ ഭാഗമായി പാലാ നഗരഹൃദയത്തില്‍ ളാലം തോടിന്റെ തീരത്ത് ഉണ്ടായിരുന്ന പുറംമ്പോക്ക് ഭൂമിയില്‍ കെ.എം.മാണി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 5 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്ത പാലാ ടൂറിസം അമിനിറ്റി സെന്റര്‍ എത്രയുംവേഗം നഗരസഭയ്ക്ക് വിട്ടുതരണമെന്നും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്നും ബൈജു കൊല്ലംപറമ്പില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അഞ്ച് വര്‍ഷം മുന്‍പ് പാലാ ഗ്രീന്‍ടൂറിസം പ്രൊജക്ടിന്റെ ഭാഗമായി പാലാ നഗരഹൃദയത്തില്‍ സ്വകാര്യ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് നഗരസഭയുടെ അധികാര പരിധിയില്‍ വരുന്ന ളാലംതോട് പുറംമ്പോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച ടൂറിസ്റ്റ് അമിനിറ്റി സെന്റര്‍ അഞ്ച് വര്‍ഷമായി കാടുപിടിച്ച് ആര്‍ക്കും പ്രയോജനമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. 5 കോടി രൂപ മുടക്കിയിട്ടുള്ള മനോഹര നഗര സൗന്ദര്യ വല്‍ക്കരണ വിശ്രമ വിനോദ കേന്ദ്രമാണ് നാളിതുവരെയായിട്ടും പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ വര്‍ഷങ്ങളായി വെറുതെ കിടക്കുന്നതെന്ന് ബൈജു കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
നഗരപാലികാ നിയമം അനുസരിച്ച് തോട് പുറമ്പോക്കിന്റെ അവകാശി നഗരസഭയെന്ന്
നഗരപാലികാ നിയമം അനുസരിച്ച് നഗരത്തിലെ പുഴ പുറമ്പോക്കിന്റെ കൈവശാവകാശം നഗരസഭയില്‍ നിഷിപ്തമാണെന്ന് ബൈജു ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ടൂറിസം വകുപ്പ് റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനാനുമതി ആവശ്യപ്പെട്ട് ചട്ടവിരുദ്ധമായി കത്ത് നല്‍കിയതാണ് പ്രശ്‌നമായതെന്ന് അറിയുന്നു. അമിനിറ്റി സെന്റിന്റെ പ്രവര്‍ത്തനാനുമതി നല്‍കേണ്ട നഗരസഭ പ്രവര്‍ത്തനാനുമതി നല്‍കുവാന്‍ തയ്യാറാണെന്നും ഈ അമിനിറ്റി സെന്റര്‍ പ്രവര്‍ത്തിപ്പിക്കുവാനും, പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാനും പാലാ നഗരസഭയെ അനുവദിക്കണമെന്നും ബൈജുവിന്റെ പ്രമേയം ചൂണ്ടിക്കാട്ടിക്കൊണ്ട് നഗരസഭാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി, സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവര്‍ക്ക് പ്രമേയത്തിന്റെ കോപ്പി ഉടന്‍ അയച്ചുകൊടുക്കും.




0 Comments