കാട്ടാനകള്‍ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് എത്തിയതോടെ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് തൊമ്മന്‍കുത്ത്, മുളപ്പുറം, മലയിഞ്ചി മേഖലകളിലെ കര്‍ഷകരുടെ ആവശ്യം.കാട്ടാനകളും കാട്ടുപന്നിയും വനാതിര്‍ത്തി കടന്നു കൃഷിയിടങ്ങളിലേക്കിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിക്കുമ്പോള്‍ നിസഹായരായി നോക്കിനില്‍ക്കാന്‍ മാത്രമേ കര്‍ഷകര്‍ക്കു കഴിയാറുള്ളു.
വന്യമൃഗങ്ങള്‍ വിളകള്‍ക്കു നാശം വരുത്തിയതിനു ശേഷമായിരിക്കും വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നത്. കര്‍ഷകരോട് വിളനാശത്തിനു നഷ്ടപരിഹാരം ലഭിക്കാനുള്ള അപേക്ഷ നല്‍കാന്‍ നിര്‍ദേശം നല്‍കി ഇവര്‍ സ്ഥലം കാലിയാക്കുകയാണ് പതിവ്. പാവപ്പെട്ട കര്‍ഷകര്‍ നഷ്ടപ്പെട്ട വിളകളുടെ എണ്ണം കണക്കാക്കി അപേക്ഷ നല്‍കിയ ശേഷം നാമമാത്രമായ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുകയാണ്.
എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ നഷ്ടപരിഹാരം മാത്രമല്ല തങ്ങളുടെ ആവശ്യമെന്ന് ഇവര്‍ പറയുന്നു. ഈ മേഖലകളില്‍ കാട്ടാനയിറങ്ങി ജീവനു ഭീഷണിയായിത്തീരാനും സാധ്യതയുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ജനവാസ മേഖലകളിലേക്കു കാട്ടാനകള്‍ കൂട്ടത്തോടെയെത്തുന്ന സ്ഥിതിയാണുള്ളത്. ഇനി വീടുകള്‍ക്ക് അടുത്തെത്തി അതും തകര്‍ക്കുമോയെന്ന ഭീതിയാണ് ജനങ്ങള്‍ക്കുള്ളത്. മുളപ്പുറം തേന്‍കോടം പ്ലാന്റേഷന്‍ ഭാഗത്ത് താമസിക്കുന്നവര്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങുന്നതു തന്നെ കുറവാണ്. രാത്രിയായാല്‍ കാട്ടാന ഇറങ്ങുമോയെന്ന ഭീതിയിലാണ് ഓരോ ദിനവും ഇവര്‍ കഴിച്ചു കൂട്ടുന്നത്.



0 Comments