സുനില്‍ പാലാ
ശിവരാത്രി നാളില്‍ രാമപുരം ബസ് സ്റ്റാന്റിലെ കെട്ടിടത്തില്‍ താമസിക്കുന്ന ബീഹാറികളും ബംഗാളികളും തമ്മിലുളള ഏറ്റുമുട്ടലില്‍ ഒരു നടപടിയും സ്വീകരിക്കാതെ അധികാരികള്‍.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തില്‍ തിങ്ങിഞെരുങ്ങിയാണ് അതിഥിത്തൊഴിലാളികള്‍ കഴിയുന്നത്. ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം പലപ്പോഴും സംഘട്ടനത്തില്‍ കലാശിക്കാറുണ്ട്. ശിവരാത്രി നാളില്‍ രാത്രിയിലും ഇതാണ് സംഭവിച്ചത്. ബീഹാറികളും ബംഗാളികളുമായ അതിഥിത്തൊഴിലാളികള്‍ ചേരിതിരിഞ്ഞ് അസഭ്യം വിളിയുമായി ഏറ്റുമുട്ടിയപ്പോള്‍ ഇരുവിഭാഗത്തിലുംപെട്ട പത്തോളം പേര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാര്‍ തടിച്ചുകൂടി ഇവരെ ഓടിച്ചില്ലായിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായേനെ.
ഒരു വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് അതിഥിത്തൊഴിലാളികള്‍ ഏറ്റുമുട്ടുകയും വിവരമറിഞ്ഞ് എത്തിയ അന്നത്തെ രാമപുരം എസ്.ഐ. ജോബി ഈ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരണമടയുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കുറച്ച് കാലത്തേക്ക് ഈ കെട്ടിടത്തില്‍ ആരെയും താമസിപ്പിച്ചിരുന്നില്ല.
കഴിഞ്ഞ കുറേ നാളായി വീണ്ടും അതിഥിത്തൊഴിലാളികള്‍ ഇവിടെ എത്തിത്തുടങ്ങി. അറുപതോളം പേരാണ് ഇവിടെ നാലഞ്ച് മുറികളിലായി തിങ്ങിഞെരുങ്ങി കഴിയുന്നത്. രാത്രിയാകുന്നതോടെ ഇവരുടെ മദ്യപാനവും തുടര്‍ന്നുള്ള അസഭ്യം വിളികളും കൈയ്യേറ്റങ്ങളും പതിവാണ്.
വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളില്‍ ആള്‍താമസം; നടപടി സ്വീകരിക്കാതെ പഞ്ചായത്തധികാരികള്‍
ബസ് സ്റ്റാന്റിലെ കെട്ടിടമുള്‍പ്പെടെ ടൗണില്‍ വിവിധ കടമുറികളില്‍ അതിഥിത്തൊഴിലാളികളെ താമസിപ്പിച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്. വാണിജ്യാവശ്യത്തിനുള്ള മുറികള്‍ വാടകയ്ക്ക് താമസത്തിന് വിട്ടുകൊടുക്കാന്‍ പാടില്ല. ഇത് നോക്കേണ്ട പഞ്ചായത്ത് അധികാരികള്‍ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.
കേസെടുക്കാന്‍ രാമപുരം പോലീസിനും മടി
ഒരു വര്‍ഷം മുമ്പ് അതിഥിത്തൊഴിലാളികളുടെ തമ്മിലടി തടയാന്‍ പോയ തങ്ങളുടെ സഹപ്രവര്‍ത്തകന്‍ മൂന്നാം നിലയില്‍ നിന്നും താഴെ വീണ് മരിച്ച അതേ സ്ഥലത്ത് വീണ്ടും അതിഥിത്തൊഴിലാളികള്‍ സംഘട്ടനമുണ്ടാക്കിയതറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇതേവരെ കേസെടുത്തിട്ടില്ല. തങ്ങളുടെ കണ്‍മുന്നില്‍ തമ്മിലടി കണ്ടിട്ടും അതിഥിത്തൊഴിലാളികളെ ഓടിച്ചുവിടാനല്ലാതെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. പരാതിക്കാരില്ലാത്തതിനാലാണ് കേസെടുക്കാത്തതെന്ന് രാമപുരം പോലീസ് പറയുന്നു. ഇതേ സമയം ഇത്തരം സാഹചര്യങ്ങളില്‍ പൊലീസിന് സ്വമേധയാ കേസെടുക്കാവുന്നതേയുളളൂവെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിഥിത്തൊഴിലാളികളില്‍ പലര്‍ക്കും രേഖകളൊന്നുമില്ല.
രാമപുരത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന അതിഥിത്തൊഴിലാളികളില്‍ പലര്‍ക്കും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകളൊന്നുമില്ലെന്ന് സൂചന. ഇവരെ താമസിപ്പിക്കുന്ന കരാറുകാരോട് അധികാരികള്‍ രേഖകള്‍ ചോദിച്ചെങ്കിലും പലരുടെ കാര്യത്തിലും അവര്‍ കൈമലര്‍ത്തുകയായിരുന്നുവെന്നാണ് ആക്ഷേപം.



0 Comments