സുനില്‍ പാലാ
പാലാനഗരസഭാ സ്റ്റേഡിയത്തില്‍ സൂക്ഷിച്ചിരുന്ന 'റെഡ് സിന്തറ്റിക് റബ്ബര്‍'മോഷ്ടിച്ചതായി പരാതി.
സ്റ്റേഡിയം സംരക്ഷണ സമിതിക്കു നിയോഗിക്കപ്പെട്ട ജീവനക്കാരില്‍ ഒരാള്‍ ഇത് ബൈക്കില്‍ കെട്ടിവെച്ച് കൊണ്ടുപോകുന്നതു കണ്ടൂവെന്നും സ്റ്റേഡിയം സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട മറ്റൊരു ജീവനക്കാരന്‍ ഇത് ചോദ്യം ചെയ്തിരുന്നൂവെന്നും പറയപ്പെടുന്നു.
സ്റ്റേഡിയം സംരക്ഷണത്തിന് നഗരസഭാധികൃതര്‍ നിയോഗിച്ച ഒരു സംഘടനയ്ക്കും ഈ സംഭവത്തിനു പിന്നില്‍ കൈയ്യുണ്ടെന്ന ആരോപണവും പരാതിക്കാരനായ പാലാ പന്തനാനിയില്‍ കെ. അരുണ്‍ ഉന്നയിക്കുന്നു.
മോഷ്ടിച്ചവര്‍ക്കെതിരെ നടപടിയെടുക്കണെമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ സെക്രട്ടറിക്കാണ് പരാതി നല്‍കിയത്.
സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണ സമയത്ത് മിച്ചം വന്ന റെഡ് സിന്തറ്റിക് റബ്ബര്‍ 20 ചാക്കുകളില്‍ നിറച്ച് സ്റ്റേഡിയത്തില്‍ സൂക്ഷിച്ചിരുന്നു. ട്രാക്കിനു കേടുപാടുകള്‍ വരുമ്പോള്‍ ഉപയോഗപ്പെടുത്താനായിരുന്നു ഇത്. എന്നാല്‍ ഇത് മോഷ്ടിക്കപ്പെട്ടതായാണ് പരാതി.
സര്‍ക്കാര്‍ വക പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ അരുണ്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 19-ാം തീയതി മുനിസിപ്പല്‍ സെക്രട്ടറിക്കു പരാതി കൊടുത്തിട്ടും ഇതേ വരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
സാധനം മോഷ്ടിച്ചു എന്ന് പറയപ്പെടുന്ന ജീവനക്കാരന്‍ സ്റ്റേഡിയത്തിലിരുന്ന് പരസ്യ മദ്യപാനം നടത്തി എന്നത് സംബന്ധിച്ചും അരുണ്‍ 3 മാസം മുമ്പ് പരാതി നല്‍കിയിരുന്നു. ഇതിനും നടപടിയുണ്ടായില്ലെന്ന് അരുണ്‍ പരാതിപ്പെടുന്നു.
റെഡ് സിന്തറ്റിക് റബ്ബര്‍ എങ്ങനെ ഒഴിവാക്കണമെന്നാണ് ചിന്ത
പല ചാക്കുകളിലായി നിറച്ചുവച്ചിരിക്കുന്ന റെഡ് സിന്തറ്റിക് റബര്‍ എങ്ങനെ ഒഴിവാക്കണമെന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് നഗരസഭാ സ്റ്റേഡിയം സംരക്ഷണ ചുമതലയുള്ള താല്‍ക്കാലിക ജീവനക്കാരന്‍ ഷൈന്‍ പറഞ്ഞു. ഇത് മോഷ്ടിച്ചതായുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇയാള്‍ പറയുന്നു. താന്‍ മദ്യപിക്കാറുണ്ടെങ്കിലും ഇതേവരെ സ്റ്റേഡിയത്തിലിരുന്ന് മദ്യപിച്ചിട്ടില്ലെന്നും ഷൈന്‍ പറയുന്നു. പരാതിക്കാരന്‍ വ്യക്തിവിരോധം തീര്‍ക്കുകയാണെന്നാണ് ഷൈനിന്റെ ആക്ഷേപം.



0 Comments