സുനിൽ പാലാ
''ചിലങ്കപൂജ ദേവന്‍മാര്‍ക്ക് മുന്നിലുള്ള നൃത്താവതരണമാണ്. 'അരങ്ങേറ്റം' എന്നത് മനുഷ്യര്‍ക്ക് മുന്നിലുള്ള നൃത്താവതരണവും. ഒരു നര്‍ത്തകനെയോ നര്‍ത്തകിയെയോ സംബന്ധിച്ചിടത്തോളം അരങ്ങേറ്റത്തേക്കാള്‍ വലുതാണ് ചിലങ്കപൂജ''. പ്രമുഖ നര്‍ത്തകി ഹെലന്‍ ആന്‍ഡ്രു പറഞ്ഞു.
ഇന്നലെ ശിവരാത്രി സന്ധ്യയില്‍ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്ര സന്നിധിയില്‍ തന്റെ ശിഷ്യരുടെ ചിലങ്കപൂജയ്‌ക്കെത്തിയതായിരുന്നു ഈ നര്‍ത്തകി.
''ചിലങ്ക തലേദിവസം തന്നെ ശ്രീകോവിലില്‍ ഏല്‍പ്പിക്കുകയാണ്. അന്ന് രാത്രി ഉമാമഹേശ്വരന്‍മാര്‍ ഈ ചിലങ്കയണിഞ്ഞ് നര്‍ത്തനമാടുമെന്നാണ് നൃത്തവേദിയിലെ സങ്കല്പം'' ഹെലന്‍ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം👇👇👇
തന്റെ വിശ്വാസത്തിന് ഉപോത്ബലകമായി നേര്‍മുമ്പില്‍ നടന്ന ഒരു സംഭവവും നാലുപതിറ്റാണ്ടോളം ഊട്ടിയില്‍ കഴിഞ്ഞ ഈ കലാകാരി വിശദീകരിച്ചു; ''ഊട്ടിക്കടുത്തുള്ള ജഗദല ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ഞാനും ശിഷ്യരും ഒരു ചിലങ്കപൂജയ്ക്ക് പോയി. ദളിത് വിഭാഗമായ ബഡുക വിഭാഗക്കാരുടേതാണ് അമ്പലം. അവിടെ ചിലങ്ക പൂജയ്ക്ക് വയ്ക്കവേ ഒരു ശിഷ്യയുടെ അമ്മ പറഞ്ഞു. ഇവിടെ നാഗം നമുക്ക് മുമ്പില്‍ പ്രത്യക്ഷമാകും. അത് പാമ്പൊന്നുമായിരിക്കില്ല വല്ല തവളയുമായിരിക്കുമെന്ന് ഞാന്‍ കളിയായി പറഞ്ഞു. ചിലങ്കപൂജ കഴിഞ്ഞു ശ്രീകോവിലിന് മുന്നില്‍ ഞങ്ങള്‍ തൊഴുതുനില്‍ക്കുകയാണ്. ദുര്‍ഗ്ഗാദേവിയുടെ വാഹനമായ സിംഹപ്രതിമ അവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതിനടിയില്‍ നിന്ന് പെട്ടെന്ന് സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു നാഗം എന്റെ കാല്‍ച്ചുവട്ടില്‍ പ്രത്യക്ഷപ്പെട്ടു. ഭയവും സംഭ്രമവും കൊണ്ട് ഞാന്‍ സ്തംബ്ദയായി നിന്നുപോയി. ഇന്ന് ഇതിവിടെ പറയുമ്പോഴും എന്റെ ദേഹമാകെ കോള്‍മയിര്‍ കൊള്ളുകയാണ്. ഞാന്‍ നേര്‍മുമ്പില്‍ കണ്ട സത്യം. ചിലങ്കപൂജയ്ക്ക് അത്രയ്ക്ക് ശക്തിയുണ്ടെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. പൂജിച്ച ചിലങ്കയണിഞ്ഞ് അരങ്ങിലേക്ക് കയറുമ്പോള്‍ വല്ലാത്തൊരു ആവേശം ശരീരത്തിലും മനസ്സിലും പെയ്തിറങ്ങുകയാണ്''. തീവ്രവിശ്വാസത്തിന്റെ സത്യകാഴ്ചയില്‍ നര്‍ത്തകിയുടെ കണ്ഠമിടറി, കണ്ണുകള്‍ നിറഞ്ഞു. കാവിന്‍പുറം ക്ഷേത്രത്തില്‍ ചിലങ്കപൂജയ്‌ക്കെത്തിയവരിലും ഭക്തിലഹരിയുടെ ആനന്ദാശ്രുക്കള്‍.
നര്‍ത്തകി ഹെലന്‍ ആന്‍ഡ്രുവിനെ പൊന്നാടയണിച്ചാദരിച്ചു.
ഇന്നലെ സന്ധ്യയില്‍ കാവിന്‍പുറം ഉമാമഹേശ്വ ക്ഷേത്രസന്നിധിയില്‍ ചിലങ്കപൂജയ്‌ക്കെത്തിയ പ്രസിദ്ധ നര്‍ത്തകി ഹെലന്‍ ആന്‍ഡ്രുവിനെ ക്ഷേത്രം ഭാരവാഹികള്‍ പൊന്നാട അണിയിച്ചാദരിച്ചു.
ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍, മറ്റ് ഭാരവാഹികളായ ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, തങ്കപ്പന്‍ നായർ കൊടുങ്കയം, പ്രസന്നൻ കാട്ടുകുന്നത്ത്, ഗോപകുമാർ അമ്പാട്ട് വടക്കേതിൽ, ആര്‍. ജയചന്ദ്രന്‍, ശിവദാസ് തുമ്പയിൽ, ആര്‍. സുനില്‍കുമാര്‍, രാജി അജിത്, രശ്മി അനില്‍, ഡോ. ലക്ഷ്മി അജിത്, ശ്രീജ സുനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹെലന്‍ ആന്‍ഡ്രു ശിവതാണ്ഡവ നൃത്തം അവതരിപ്പിച്ചു. ചിലങ്ക പൂജയ്‌ക്കെത്തിയ ശിഷ്യര്‍ ചേര്‍ന്ന് നൃത്തോപാസന നടത്തി.




0 Comments