സുനില്‍ പാലാ
ആറാം ക്ലാസുകാരന്‍ ചേട്ടനും മൂന്നാം ക്ലാസുകാരി അനിയത്തിയും ചേര്‍ന്ന് പാലാ സെന്റ് മേരീസ് എല്‍.പി. സ്‌കൂളിന്റെ ഭിത്തിയില്‍ മനോഹര ചിത്രങ്ങളൊരുക്കുകയാണ്... മരങ്ങളും പുഷ്പങ്ങളുമൊക്കെ ഈ സഹോദരങ്ങള്‍ വരയ്ക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം എല്‍.കെ.ജി.യിലുണ്ടായിരുന്ന 65 കുട്ടികളുടെ കാരിക്കേച്ചര്‍ ചിത്രം വരയ്ക്കുന്നത് പ്രമുഖ ചിത്രകാരന്‍കൂടിയായ അച്ഛന്‍ സിബി പീറ്ററും.
സെന്റ് മേരീസ് സ്‌കൂളിലെ എല്‍.കെ.ജി. വിഭാഗത്തിലേക്ക് ഇത്തവണ കടന്നുവരുന്ന കുരുന്നുകള്‍ കാണുന്നത് കഴിഞ്ഞ വര്‍ഷം എല്‍.കെ.ജിയില്‍ പഠിച്ച ചേട്ടന്‍മാരുടെയും ചേച്ചിമാരുടെയും കാരിക്കേച്ചര്‍ ചിത്രങ്ങളാണ്. സെന്റ് മേരീസ് സ്‌കൂളിലെ സംഗീത അദ്ധ്യാപകനും ചിത്രകാരനുമായ സിബി പീറ്ററാണ് സ്‌കൂളില്‍ ഇത്തരമൊരു വ്യത്യസ്തത ഇത്തവണ ഒരുക്കിയിട്ടുള്ളത്.
അച്ഛന് കൂട്ടായി പാലായിലെ സ്‌കൂളിലെത്തിയത് കോട്ടയം കൊല്ലാട് സെന്റ് മേരിസ് യു.പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ സിബിസണും അനിയത്തി സീയന്നയുമാണ്. പുതുപ്പള്ളി വെളുക്കുട്ട എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയാണ് സീയന്ന. അച്ഛന്‍ സിബി പീറ്റര്‍ സെന്റ് മേരീസ് സ്‌കൂളിലേക്ക് വര്‍ണ്ണ ചിത്രങ്ങള്‍ വരയ്ക്കാന്‍ പുറപ്പെടുകയാണെന്ന് അറിയിച്ചതേ ബ്രഷും ഛായക്കൂട്ടുകളുമായി സിബിസണും സീയന്നയും മുമ്പേ ഇറങ്ങി. ഇരുവരും നിരവധി പെയിന്റിംഗ് മത്സരങ്ങളില്‍ ജില്ലാ-സംസ്ഥാന വിജയികളാണ്.
സിബി പീറ്ററിനെ സഹായിക്കാന്‍ വേണ്ടി കഴിഞ്ഞ ഒരു മാസമായി ഈ കുരുന്നുകള്‍ പാലാ സെന്റ് മേരീസ് സ്‌കൂളിലുണ്ട്.
അതിമനോഹരമായ മരങ്ങള്‍ സിബിസണ്‍ വരച്ചതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ചെടികളും പൂക്കളും പൂമ്പാറ്റകളുമെല്ലാം ചേട്ടനും അനിയത്തിയും ചേര്‍ന്നാണ് വരച്ചു തീര്‍ത്തത്. ഒരു വര്‍ഷമായി സിബിസണും സീയന്നയും ചിത്രകലയുമായി പിതാവിന്റെ കൂടെയുണ്ട്.
സിബി മിന്നല്‍ ചിത്രകാരന്‍
മിന്നല്‍ ചിത്രകാരനാണ് സിബി പീറ്റര്‍. അതിവേഗം ചിത്രം വരയ്ക്കാന്‍ കഴിവുള്ള സിബിക്ക് ഒരാളുടെ മുഖം അഞ്ചോ ആറോ സെക്കന്റില്‍ നോക്കി വരയ്ക്കാന്‍ കഴിയും. പാലാ സെന്റ് മേരീസ് സ്‌കൂളിന്റെ ചുമരില്‍ വരച്ചിരിക്കുന്ന ചിത്രങ്ങള്‍ ചുമരില്‍ അല്ലാത്ത വിധമാണ് ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് പിന്നില്‍ സ്‌കൂളിനെ അത് പോലെ നിര്‍ത്തിയിരിക്കുന്നതായി തോന്നും.
സംഗീത സംവിധായകന്‍ കൂടിയായ സിബി ഇതിനകം ആയിരത്തില്‍പരം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. മുന്‍ പത്രപ്രവര്‍ത്തകനുമാണ്. കൂട്ടുകാരന്‍ ലിന്റോ തോമസാണ് മൂന്നു വര്‍ഷമായി ചിത്രകലയില്‍ സിബിയുടെ സഹായി.
സെന്റ് മേരീസ് സ്‌കൂളില്‍ കുരുന്നുകളെ വരവേല്ക്കാന്‍ സ്‌കൂള്‍ ചുവരില്‍ വിദ്യാര്‍ത്ഥികളുടെ തന്നെ വര്‍ണ്ണചിത്രങ്ങളൊരുക്കിയ സിബി പീറ്ററിനെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി ചീരാംകുഴിയും പി.ടി.എ. ഭാരവാഹികളും അഭിനന്ദിച്ചു.




0 Comments