പഞ്ചരത്‌നങ്ങള്‍ക്ക് ഇംഗ്ലീഷ് പെരുമ!... പിതാവിന്റെ വഴിയേ മക്കളും...




സുനില്‍ പാലാ

 
ഒരമ്മ പെറ്റ മക്കളെല്ലാം എം. എ ക്കാര്‍! മക്കള്‍ മാത്രമല്ല ഇവരുടെ പിതാവും  എം. എ ക്കാരന്‍, എല്ലാവരുടേയും വിഷയം ഇംഗ്ലീഷും.
പിതാവും നാലു മക്കളും കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകരാണെന്നതും ശ്രദ്ധേയം.


പാലാ സെന്റ് തോമസ് കോളജില്‍ ഇന്നലെ പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ. സിബി ജയിംസാണ് ഈ എം. എ മക്കളില്‍ മൂത്തത്. സിബിയുടെയും മറ്റ് 4 സഹോദരങ്ങളുടേയും പിതാവ്  പ്രൊഫ കെ.എം.ചാക്കോയില്‍ തുടങ്ങുന്നു  മോനിപ്പള്ളി കുരീക്കാട്ടു കുന്നേല്‍ കുടുംബത്തിലെ  ഇംഗ്ലീഷ് പെരുമ.

പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് ബി.എ. ഇംഗ്ലീഷും എം. എ ഇംഗ്ലീഷും ഉന്നത നിലയില്‍ പാസ്സായ കെ.എം. ചാക്കോ നീണ്ട 32 വര്‍ഷം കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനും വകുപ്പ് മേധാവിയുമായിരുന്നു.

പ്രൊഫ ചാക്കോ - മേരി ദമ്പതികള്‍ക്ക് 5 മക്കള്‍. രണ്ടാണും മൂന്നു പെണ്ണും. ആണുങ്ങളില്‍ മൂത്തയാളായ സിബി ജയിംസ് ദില്ലി ജെ എന്‍ യു.വില്‍ നിന്നാണ് എം. എ പാസ്സായത്. പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് ബി. എ ഇംഗ്ലീഷ് ഒന്നാം റാങ്കുമായാണ് സിബി ദില്ലിയ്ക്ക് വണ്ടി കയറിയത്. ആദ്യം 2 വര്‍ഷം  കോഴിക്കോട് ദേവഗിരി കോളജിലും കഴിഞ്ഞ 29 വര്‍ഷമായി പാലാ സെന്റ് തോമസ് കോളജിലും ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ഡോ. സിബി , ഇന്നലെ മാതൃകലാലയത്തില്‍ തന്നെ പ്രിന്‍സിപ്പലായി ചുമതലയുമേറ്റു.

രണ്ടാമത്തെയാള്‍ സാബു ജയിംസ് പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് എം. എ ഇംഗ്ലീഷ് പാസ്സായ ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാറ്റോഗ്രഫി പഠിക്കാന്‍ പോയി. ഇപ്പോള്‍ തെലുങ്കു സിനിമയിലെ അറിയപ്പെടുന്ന ഛായാ ഗ്രാഹകനാണ്.

പെണ്‍മക്കളില്‍ മൂത്തയാളായ ഡോ. സോണിയാ ജയിംസ് ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം. എ ബിരുദമെടുത്തു. ഇളയ പെണ്‍മക്കളായ സോഫിയാ ജയിംസും മീരാ എലിസബത്ത് ജയിംസും പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ എം. എ ഇംഗ്ലീഷ് നേടി.




സഹോദരങ്ങളുടെ അദ്ധ്യാപകനായി ഡോ. സിബി ജയിംസ്


പാലാ സെന്റ് തോമസ് കോളജിലെ എം.എ. ഇംഗ്ലീഷ് ക്ലാസ്സില്‍ സാബുവിനും സോഫിയായ്ക്കും, മീരയ്ക്കും പാഠങ്ങള്‍ പകര്‍ന്നു കൊടുത്തത് ജ്യേഷ്ഠന്‍ സിബി ജയിംസ് !

ചേട്ടന്റെ ക്ലാസ്സില്‍ അനുസരണയുള്ള  'കുട്ടികളാ'യിരുന്നു മൂവരും.
മക്കളില്‍ സിനിമാ ഛായാഗ്രാഹകനായ സാബു ജയിംസ് ഒഴികെ 4 പേരും കോളജ് അദ്ധ്യാപകര്‍.

ഡോ.സോണിയാ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലും സോഫിയാ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിലും മീര കോട്ടയം ബസേലിയോസ് കോളജിലും ഇംഗ്ലീഷ് അദ്ധ്യാപികമാരാണ്. സോഫിയയും സോണിയും ഇപ്പോള്‍ ഗവേഷക വിദ്യാര്‍ത്ഥിനികളുമാണ്. ഗവേഷണം പൂര്‍ത്തിയാകുന്നതോടെ കുരീക്കുന്നേല്‍ കുടുംബത്തില്‍ 4 ഇംഗ്ലീഷ് 'ഡോക്ടര്‍ 'മാരുമാകും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments